കേപ്‌ടൗണ്‍:അണ്ടര്‍ 19 വനിത ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം. ഇന്ത്യ ഇംഗ്ലണ്ട് ടീമുകള്‍ തമ്മിലാണ് മത്സരം. പോച്ചെഫ്‌സ്‌ട്രോമിലെ സെൻവെസ് പാർക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 5.15നാണ് കളി തുടങ്ങുക.
സീനിയര്‍ ടീം അംഗം കൂടിയായ ഷെഫാലി വെര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ കൗമാരപ്പട ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചത്. വനിത ക്രിക്കറ്റില്‍ ആദ്യ ലോകകിരീടം നേടുക എന്ന ലക്ഷ്യവും യുവനിരയ്‌ക്കുണ്ട്. നേരത്തെ ഇന്ത്യയുടെ സീനിയര്‍ വനിത ക്രിക്കറ്റ് ടീം മൂന്ന് തവണ ലോകകപ്പ് ഫൈനലില്‍ എത്തിയിരുന്നെങ്കിലും തോല്‍വിയായിരുന്നു ഫലം.
കരുത്താകാന്‍ ശ്വേതയും പര്‍ഷവിയും:സൂപ്പര്‍ സിക്‌സില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. സെമിയില്‍ കിവീസിനെ എട്ട് വിക്കറ്റിന് തകര്‍ത്തായിരുന്നു ടീം ഫൈനലില്‍ കടന്നത്. ശ്വേത ഷെറാവത്തിന്‍റെ ബാറ്റിങും സ്‌പിന്നര്‍ പര്‍ഷവി ചോപ്രയുടെ ബോളിങ്ങുമാണ് സെമിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
ടൂര്‍ണമെന്‍റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ശ്വേത ഷെറാവത്താണ് (292). ഫൈനലിലും ശ്വേതയുടെ ബാറ്റിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. ഈ പട്ടികയില്‍ 157 റണ്‍സുമായി ഷെഫാലി വെര്‍മ നാലാം സ്ഥാനത്താണ്.
ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ പര്‍ഷവി ചോപ്ര ആറാം സ്ഥാനത്താണ്. എതിരാളികളുടെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യന്‍ സ്‌പിന്നര്‍ ഇതുവരെ പിഴുതിട്ടുള്ളത്. എട്ട് വിക്കറ്റുമായി മന്നത്ത് കശ്യപ് ഈ പട്ടികയില്‍ പര്‍ഷവിക്ക് പിന്നിലുണ്ട്.
പതറാതെ കുതിച്ച് ഇംഗ്ലണ്ട്:ടൂര്‍ണമെന്‍റില്‍ ഒരു തോല്‍വി പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് ഫൈനലിലേക്കെത്തിയത്. സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ കളിച്ച നാല് മത്സരങ്ങളിലും ജയിച്ച ഇംഗ്ലീഷ് പട ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന പോരാട്ടത്തില്‍ മൂന്ന് റണ്‍സിന്‍റെ ആവേശജയമായിരുന്നു ത്രീ ലയണ്‍സ് കൗമാരപ്പട നേടിയത്.
289 റണ്‍സുമായി ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ഗ്രേസ് സ്‌ക്രീവന്‍സാണ് ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്‍റെ വജ്രായുധം. ബോളിങ് നിരയില്‍ ഹന്ന ബേക്കറാണ് ടീമിന്‍റെ കരുത്ത്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ നിന്നായി ഒമ്പത് വിക്കറ്റുകളാണ് ഹന്ന സ്വന്തമാക്കിയിട്ടുള്ളത്.
കൗമാര വനിത ലേകകപ്പ് ഫൈനല്‍ എവിടെ കാണാം:അണ്ടര്‍ 19 വനിത ടി20 ലോകകപ്പ് ഫൈനല്‍ മത്സരം സ്റ്റാര്‍സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഫാന്‍കോഡിലൂടെയും കലാശപ്പോരാട്ടം തത്സമയം സ്ട്രീം ചെയ്യാം.
ഇന്ത്യന്‍ വനിത അണ്ടര്‍ 19 സ്‌ക്വാഡ്: ഷഫാലി വെർമ(ക്യാപ്‌റ്റന്‍), റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), ശ്വേത ഷെറാവത്ത്, പാർഷവി ചോപ്ര, അർച്ചന ദേവി, ഹർലി ഗാല, ഫലക് നാസ്, മന്നത്ത് കശ്യപ്, ടിറ്റാസ് സാധു, സോണിയ മെൻധിയ, സോനം യാദവ്, ഗോംഗഡി തൃഷ, സൗമ്യ തിവാരി, ഹൃഷിത ബസു, ശബ്‌നം എം.ഡി
ഇംഗ്ലണ്ട്വനിത അണ്ടര്‍ 19 സ്‌ക്വാഡ്:ഗ്രേസ് സ്‌ക്രീവൻസ് (ക്യാപ്‌റ്റന്‍), ലിബർട്ടി ഹീപ്പ്, നിയാം ഫിയോണ ഹോളണ്ട്, സെറൻ സ്‌മെയിൽ, ഡേവിന സാറ ടി പെറിൻ, ചാരിസ് പവെലി, അലക്‌സാ സ്റ്റോൺഹൗസ്, മാഡി ഗ്രേസ് വാർഡ്(വിക്കറ്റ് കീപ്പര്‍), സോഫിയ സ്‌മെയിൽ, എല്ലി ആൻഡേഴ്‌സൺ, ഹന്ന ബേക്കർ, റയാന മക്‌ഡൊണാൾഡ് ഗേ, എമ്മ മാർലോ, ജോസി ഗ്രോവ്സ്, ലിസി സ്കോട്ട്.