ധര്‍മ്മശാല :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ബാറ്റിങ് വിരുന്നൊരുക്കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് (Travis Head). കിവീസിനെതിരെ 67 പന്തില്‍ 109 റണ്‍സ് അടിച്ചെടുത്താണ് ട്രാവിസ് ഹെഡ് മടങ്ങിയത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന താരത്തിന്‍റെ ഈ ലോകകപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്.
ഏകദിന ക്രിക്കറ്റ് കരിയറില്‍ നാലാമത്തെ സെഞ്ച്വറിയാണ് ട്രാവിസ് ഹെഡ് ഇന്ന് ന്യൂസിലന്‍ഡിനെതിരെ സ്വന്തമാക്കിയത്. നേരിട്ട 59-ാം പന്തിലായിരുന്നു ഹെഡ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത് (Travis Head First Century in World Cup). ഇതോടെ ലോകകപ്പ് അരങ്ങേറ്റത്തില്‍ അതിവേഗം സെഞ്ച്വറി നേടുന്ന താരമായും ഹെഡ് മാറി. നിലവില്‍ ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി അതിവേഗം സെഞ്ച്വറിയടിച്ച നാലാമത്തെ താരം കൂടിയാണ് ഹെഡ്.
സെഞ്ച്വറിക്ക് പിന്നാലെ പതിയെ ട്രാക്ക് മാറ്റിയ ഹെഡിനെ ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 24-ാം ഓവറിലെ രണ്ടാം പന്തിലാണ് ട്രാവിസ് ഹെഡിനെ ഔസ്‌ട്രേലിയക്ക് നഷ്‌ടമാകുന്നത്. പത്ത് ഫോറും ഏഴ് സിക്‌സും അടങ്ങിയതായിരുന്നു ഹെഡിന്‍റെ വെടിക്കെട്ട് ഇന്നിങ്സ്.
നേരത്തെ, ഈ ലോകകപ്പിലെ അതിവേഗ അര്‍ധസെഞ്ച്വറിയുടെ ഉടമയാകാനും ട്രാവിസ് ഹെഡിന് സാധിച്ചിരുന്നു. നേരിട്ട 25-ാം പന്തിലാണ് ഹെഡ് മത്സരത്തില്‍ അര്‍ധസെഞ്ച്വറിയിലേക്ക് എത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ഓസ്ട്രേലിയന്‍ താരത്തിന്‍റെ ഏറ്റവും വേഗതയാര്‍ന്ന രണ്ടാമത്തെ അര്‍ധസെഞ്ച്വറിയാണ് ട്രാവിസ് ഹെഡ് ന്യൂസിലന്‍ഡിനെതിരെ നേടിയത്.