ഓവല്‍:കെന്നിങ്‌ടണ്‍ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് കലാശപ്പോരിന്‍റെ ഒന്നാം ദിനത്തില്‍ സ്വന്തമാക്കിയത്. ഓസീസിന് വേണ്ടി നാലാമാനായി ക്രീസിലെത്തിയ ഹെഡ് അതിവേഗത്തിലായിരുന്നു അവരുടെ സ്‌കോര്‍ ഉയര്‍ത്തിയത്.
മത്സരത്തില്‍ നേരിട്ട 106-ാം പന്തിലാണ് ട്രാവിസ് ഹെഡ് സെഞ്ച്വറി നേടി ചരിത്രനേട്ടത്തിലെത്തിയത്. നേരത്തെ, പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് താരങ്ങള്‍ മാത്രമായിരുന്നു 50ന് മുകളില്‍ റണ്‍സടിച്ചത്. 2021ല്‍ നടന്ന കലാശപ്പോരാട്ടത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനായി ഡെവോണ്‍ കോണ്‍വെയും രണ്ടാം ഇന്നിങ്‌സില്‍ കെയ്‌ന്‍ വില്യംസണുമാണ് അര്‍ധസെഞ്ച്വറി നേടിയത്. ആ മത്സരത്തില്‍ 49 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഇന്ത്യയ്‌ക്കെതിരെ ട്രാവിസ് ഹെഡ് നേടുന്ന ആദ്യത്തെ സെഞ്ച്വറി കൂടിയാണ് ഇത്. ആഷസ് പരമ്പര വരാനിരിക്കെ ഹെഡിന്‍റെ ഇംഗ്ലണ്ടിലെ ആദ്യ സെഞ്ച്വറി പ്രകടനവും ഓസ്‌ട്രേലിയയ്‌ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഈ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റില്‍ ഓസീസിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനും ട്രാവിസ് ഹെഡിന് സാധിച്ചിട്ടുണ്ട്.
മധ്യനിരയില്‍ ആക്രമണോത്സാഹ ബാറ്റിങ് പുറത്തെടുക്കുന്ന ഹെഡ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരം കൂടിയാണ്. 17 മത്സരങ്ങളാണ് ഇക്കുറി ഹെഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിട്ടുള്ളത്. 26 ഇന്നിങ്‌സില്‍ നിന്നും 1208 റണ്‍സ് സ്വന്തമാക്കാനും താരത്തിനായി.