ചെന്നൈ:ബാറ്റര്‍മാര്‍ക്ക് ആധിപത്യമുള്ള ടി20 മത്സരത്തിന്‍റെ ഒരു ഓവറില്‍ ബോളര്‍മാര്‍ 18 റണ്‍സ് വഴങ്ങുക എന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു പന്തില്‍ 18 റണ്‍സ് വഴങ്ങുകയെന്ന് പറഞ്ഞാല്‍ അതൊരല്‍പ്പം കടന്ന കയ്യും കൗതുകമുള്ള കാര്യവുമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക ടി20 ടൂര്‍ണമെന്‍റ് എന്ന വിശേഷണമുള്ള തമിഴ്‌നാട് പ്രീമിയര്‍ ലീഗിലാണ് (ടിഎന്‍പിഎല്‍) ഇത്തരമൊരു നാണക്കേടിന്‍റെ ചരിത്രം പിറന്നത്.
ടിഎന്‍പിഎല്ലില്‍ കഴിഞ്ഞ ദിവസം ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും സേലം സ്‌പാര്‍ട്ടന്‍സും ഏറ്റുമുട്ടിയപ്പോഴായിരുന്നു സംഭവം. സേലം സ്‌പാര്‍ട്ടന്‍സ് നായകന്‍ അഭിഷേക് തന്‍വാറാണ് ഒരു പന്ത് നിയമപരമായി പൂര്‍ത്തിയാക്കുന്നതിടെ 18 റണ്‍സ് വഴങ്ങി നാണംകെട്ടത്. അതും 20-ാം ഓവറിലെ അവസാന ഓവറിലെ അവസാന പന്തില്‍.
ചെപ്പോക്ക് താരം സഞ്‌ജയ് യാദവാണ് അഭിഷേകിനെതിരെ വിളയാടിയത്. ഇന്നിങ്‌സിലെ 20-ാം ഓവറിലെ അവസാന പന്തില്‍ പന്തില്‍ ബാറ്റര്‍ ബൗള്‍ഡായിരുന്നു. എന്നാല്‍ അമ്പയര്‍ നോ-ബോള്‍ വിളിച്ചു. വീണ്ടുമെറിഞ്ഞ പന്ത് സിക്‌സറിന് പറന്നപ്പോള്‍ അതും നോ- ബോള്‍ ആയിരുന്നു.
അടുത്ത പന്തും നോ-ബോളാണ് അഭിഷേക് തന്‍വാര്‍ എറിഞ്ഞത്. ഇതില്‍ രണ്ട് റണ്‍സാണ് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് താരങ്ങള്‍ ഓടിയെടുത്തത്. പിന്നാലെ എറിഞ്ഞ പന്ത് വൈഡ് ആയതോടെ ആകെ വഴങ്ങിയ റണ്‍സ് 12 റണ്‍സായി. അടുത്ത പന്ത് നിയമ കൃത്യമായി എറിയാന്‍ കഴിഞ്ഞുവെങ്കിലും ബാറ്റര്‍ സിക്‌സറിന് പറത്തിയതോടെ വിധേയമായ ഒരൊറ്റ പന്തില്‍ ആകെ പിറന്നത് 18 റണ്‍സ് എന്ന് രേഖപ്പെടുത്തുകയായിരുന്നു.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തി ബോളറായിരുന്നു അഭിഷേക് തന്‍വാര്‍. അവസാന ഓവറില്‍ തനിക്ക് പറ്റിയത് വലിയ പിഴവാണെന്ന് മത്സരശേഷം സേലം സ്പാർട്ടൻസ് ക്യാപ്റ്റൻ തൻവർ പ്രതികരിച്ചു.
"അവസാന ഓവറില്‍ എനിക്ക് വലിയ പിഴവ് പറ്റി. അതിന്‍റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ഒരു സീനിയർ ബോളറായ ഞാന്‍ നാല് നോ-ബോളുകള്‍ എറിഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. മത്സരത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ കാറ്റ് ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല" സ്‌പാര്‍ട്ടൻസ് ക്യാപ്റ്റൻ പറഞ്ഞു.
മത്സരത്തില്‍ സേലം സ്‌പാർട്ടൻസ് 52 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങുകയും ചെയ്‌തിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഓപ്പണര്‍പ്രദോഷ് രഞ്‌ജന്‍ പോളിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയായിരുന്നു ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് ഇന്നിങ്‌സിന്‍റെ നട്ടെല്ല്.
55 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സും സഹിതം 88 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. അവസാന ഓവറില്‍ അഴിഞ്ഞാടിയ സഞ്‌ജയ് യാദവും നിര്‍ണായകമായി. പുറത്താവാതെ 12 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 31 റണ്‍സാണ് താരം നേടിയത്. മറുപടിക്കിറങ്ങിയ സ്‌പാർട്ടൻസിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
ALSO READ: 'ഇനി പോയി വിന്‍ഡീസിനെ തോല്‍പ്പിക്കൂ, അതില്‍ യാതൊരു അര്‍ഥവുമില്ല' ; കട്ടക്കലിപ്പില്‍ സുനില്‍ ഗവാസ്‌കര്‍