അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിന്‍റെ ഉദ്‌ഘാടന സീസണില്‍ നിന്നും ഇന്ത്യയുടെ മുന്‍ താരം അമ്പാട്ടി റായിഡു പിന്മാറി. താരത്തിന്‍റെ ടീമായ ടെക്‌സാസ് സൂപ്പർ കിങ്‌സാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് അമ്പാട്ടി റായിഡുവിന്‍റെ പിന്മാറ്റമെന്നാണ് ഫ്രാഞ്ചൈസി അറിയിച്ചിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഉടമസ്ഥതയിലുള്ള ടീമാണ് ടെക്‌സാസ് സൂപ്പർ കിങ്സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ പതിപ്പില്‍ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം കിരീടം നേടിയതിന് പിന്നാലെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും 37-കാരനായ അമ്പാട്ടി റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് താരം ടെക്‌സാസ് സൂപ്പര്‍ കിങ്സിനായി കളിക്കാന്‍ ഒരുങ്ങിയത്.
ഫാഫ് ഡുപ്ലെസിസ്, ഡെവോൺ കോണ്‍വെ, മിച്ചല്‍ സാന്‍റ്നര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയ താരങ്ങള്‍ ടെക്‌സാസ് സൂപ്പര്‍ കിങ്സിനായി കളിക്കുന്നുണ്ട്. മേജർ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ പതിപ്പ് ജൂലൈ 13 മുതൽ ജൂലൈ 30 വരെയാണ് നടക്കുക.
ഐപിഎല്‍ ചരിത്രത്തില്‍ തന്നെ അവിസ്മരണീയ താരങ്ങളില്‍ ഒരാളാണ് അമ്പാട്ടി റായിഡു. കഴിഞ്ഞ സീസണില്‍ (16-ാം പതിപ്പ്) ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തന്‍റെ ആറാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടമായിരുന്നു അമ്പാട്ടി റായിഡു നേടിയത്. സീസണില്‍ 16 മത്സരങ്ങൾ കളിച്ച താരം 158 റൺസായിരുന്നു നേടിയിരുന്നത്.
2013-ൽ തങ്ങളുടെ കന്നി കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്നു താരം. രണ്ട് തവണ കൂടി മുംബൈ കിരീടമുയര്‍ത്തുമ്പോള്‍ അമ്പാട്ടി റായിഡുവും ടീമിനൊപ്പമുണ്ടായിരുന്നു. രണ്ട് വർഷത്തെ സസ്പെൻഷന് ശേഷം 2018-ല്‍ ടൂര്‍ണമെന്‍റിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അമ്പാട്ടി റാഡിയു ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്നത്. സീസണില്‍ 600-ലധികം റൺസ് അടിച്ചുകൂട്ടിക്കൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിനെ തങ്ങളുടെ മൂന്നാം കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമാവാനും റായിഡുവിന് കഴിഞ്ഞു. തുടര്‍ന്ന് 2021-ലും ചെന്നൈ കിരീടമുയര്‍ത്തുമ്പോള്‍ റായിഡുവും ഒപ്പമുണ്ടായിരുന്നു.
അതേസമയം അമ്പാട്ടി റായിഡു രാഷ്‌ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആന്ധ്രപ്രദേശിലെ ഭരണ കക്ഷിയായ വൈഎസ്ആർ കോൺഗ്രസിൽ അമ്പാട്ടി റായിഡു ചേരുമെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലോ നിയമസഭ തെരഞ്ഞെടുപ്പിലോ പാര്‍ട്ടി ടിക്കറ്റില്‍ അമ്പാട്ടി റായിഡു മത്സരിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി 37-കാരനായ താരം രണ്ട് തവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്പാട്ടി റായിഡു രാഷ്‌ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങളും പ്രചരിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ അമ്പാട്ടി റായിഡു ചര്‍ച്ച ചെയ്‌തുവെന്നാണ് വിവരം.
ഇന്ത്യയ്‌ക്കായി 55 ഏകദിനങ്ങളും ആറ് ടി20 മത്സരങ്ങളും അമ്പാട്ടി റായിഡു കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 47.06 ശരാശരിയില്‍ 1694 റണ്‍സാണ് 37-കാരന്‍റെ സമ്പാദ്യം. മൂന്ന് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ആറ് ടി20 മത്സരങ്ങളില്‍ നിന്നും 42 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
ALSO READ:Sourav Ganguly | ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'വിപ്ലവ നായകന്‍', ആരാധകരുടെ 'ദാദ' സൗരവ് ഗാംഗുലിക്ക് ഇന്ന് പിറന്നാള്‍