കേരളം

kerala

ETV Bharat / sports

സെമി കാണാതെ ഇന്ത്യയുടെ മടക്കം, ടി20 ലോകകപ്പ് സെമി ലൈനപ്പായി - ഇന്ത്യന്‍ ടീം

സൂപ്പര്‍ 12 പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ പരാജയമാണ് വിരാട് കോലിക്കും സംഘത്തിനും തിരിച്ചിടിയായത്.

t20 world cup  team india  virat kohli  ഇന്ത്യന്‍ ടീം  ടി20 ലോകകപ്പ്
ടി20 ലോകകപ്പ്: ഇന്ത്യയ്‌ക്ക് സെമിയില്ല; ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത്

By

Published : Nov 7, 2021, 7:34 PM IST

Updated : Nov 7, 2021, 7:50 PM IST

അബുദബി: ഇനി കണക്കിന്‍റെ കളികള്‍ക്കും ഭാഗ്യത്തിനും പ്രസക്തിയില്ല. ടി20 ലോകകപ്പിന്‍റെ ഫേവറിറ്റുകളായെത്തിയ ടീം ഇന്ത്യ സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് രണ്ടില്‍ ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡ് ജയിച്ചതോടെ ഇന്ത്യയ്‌ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നു.

വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയം നേടിയ കിവീസ് എട്ട് പോയിന്‍റോടെയാണ് സെമിയിലേക്ക് കടന്നത്. കളിച്ച നാല് മത്സരങ്ങളും വിജയിച്ച പാകിസ്ഥാന്‍ എട്ട് പോയിന്‍റോടെ നേരത്തെ സെമിയുറപ്പിച്ചിരുന്നു. കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് വിജയമുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

കിവീസിനെതിരെ അഫ്‌ഗാന്‍ വിജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യൻ ടീമിന് സെമി സാധ്യത ഉണ്ടായിരുന്നുള്ളൂ. ഇതോടെ നാളെ നമീബിയക്കെതിരെ നടക്കുന്ന ഇന്ത്യയുടെ മത്സരം അപ്രസക്തമായി. വിജയിച്ചാലും ആറ് പോയിന്‍റ് നേടാനേ ഇന്ത്യൻ സംഘത്തിനാവൂ.

സൂപ്പര്‍ 12 പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ പരാജയമാണ് വിരാട് കോലിക്കും സംഘത്തിനും തിരിച്ചിടിയായത്. ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിനായിരുന്നു കിവീസിനോട് ടീമിന്‍റെ പരാജയം.

also read:ഇന്ത്യയ്‌ക്ക് മടങ്ങാം: അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലൻഡ് സെമിയില്‍

എന്നാല്‍ സ്‌കോട്‌ലന്‍ഡിനെതിരേയും അഫ്‌ഗാനെതിരെയും വമ്പന്‍ വിജയം നേടി നെറ്റ് റണ്‍റേറ്റില്‍ ഒന്നാമതെത്തിയാണ് കിവീസിന്‍റെ തോല്‍വിയില്‍ ഇന്ത്യ പ്രതീക്ഷ വെച്ചിരുന്നത്. വിജയത്തോടെ കണക്കിന്‍റെ കളികള്‍ക്ക് പ്രസക്തിയില്ലാതാക്കിയാണ് കിവീസിന്‍റെ മുന്നേറ്റം.

2012ന് ശേഷം ഇതാദ്യമായാണ് ടീം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ടിലെത്താതെ പുറത്താകുന്നത്. ഇതോടെ ടീമിന്‍റെ ടി20 ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്ന വിരാട് കോലിയുടെ പടിയിറക്കവും നിരാശയോടെയായി. ടി20 ലോകകപ്പോടെ ജോലിഭാരം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ടീമിന്‍റെ നായക സ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 125 റണ്‍സിന്‍റെ വിജയ ലക്ഷ്യം 11 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് കിവീസ് മറി കടന്നത്. 42 പന്തില്‍ 40 റണ്‍സടിച്ച ക്യാപ്റ്റന്‍ കെയ്‌ന്‍ വില്ല്യംസണും 32 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ഡെവോൺ കോൺവെയുമാണ് കിവീസിന്‍റെ വിജയം ഉറപ്പിച്ചത്.

ഇരുവരും പുറത്താവാതെ നിന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (28), ഡാരില്‍ മിച്ചല്‍ (17) എന്നിവരാണ് കിവീസ് നിരയില്‍ പുറത്തായത്. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍ 124/8 (20), ന്യൂസിലന്‍ഡ് 125/2(18.1).

സെമിയില്‍ ഇവർ

പാകിസ്ഥാൻ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരാണ് ടി20 ലോകകപ്പിന്‍റെ സെമിയിലെത്തിയ രാജ്യങ്ങൾ. നവംബർ 10നാണ് ആദ്യ സെമി ഫൈനല്‍. അബുദാബിയില്‍ ഇംഗ്ലണ്ടിന്‍റെ എതിരാളികൾ ആരാണെന്നറിയാൻ ഇന്നത്തെ പാകിസ്ഥാൻ - സ്‌കോട്‌ലണ്ട് മത്സരം കൂടി കഴിയണം.

പാകിസ്ഥാൻ സെമിയിലെത്തിയെങ്കില്‍ ഗ്രൂപ്പ് ചാമ്പ്യൻമാർ ആരാണെന്നറിയാൻ പാകിസ്ഥാന്‍റെ ഇന്നത്തെ വിജയം നിർണായകമാണ്. നവംബർ 11ന് ദുബായില്‍ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടുന്നത് ന്യൂസിലൻഡോ പാകിസ്ഥാനോ ആയിരിക്കും. നവംബർ 14ന് ദുബായിലാണ് ഫൈനല്‍.

Last Updated : Nov 7, 2021, 7:50 PM IST

ABOUT THE AUTHOR

...view details