കേരളം

kerala

ETV Bharat / sports

Tamim Iqbal | 'ട്വിസ്റ്റോട് ട്വിസ്റ്റ്' ; വിരമിക്കൽ തീരുമാനം പിൻവലിച്ച് തമീം ഇക്‌ബാൽ - തമീം

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് തമീം ഇക്‌ബാൽ വിരമിക്കൽ തീരുമാനം പിൻവലിച്ചത്

തമീം ഇക്‌ബാൽ  Tamim Iqbal  Tamim Iqbal reverses retirement decision  വിരമിക്കൽ തീരുമാനം പിൻവലിച്ച് തമീം ഇക്‌ബാൽ  ഷെയ്‌ഖ് ഹസീന  ബംഗ്ലാദേശ് ക്രിക്കറ്റ്  തമീം  ബംഗ്ലാദേശ്
തമീം ഇക്‌ബാൽ

By

Published : Jul 7, 2023, 9:43 PM IST

ധാക്ക : അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം തീരുമാനം പിൻവലിച്ച് ബംഗ്ലാദേശ് ക്രിക്കറ്റർ തമീം ഇക്‌ബാൽ. ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് താരം വിരമിക്കൽ തീരുമാനം പിൻവലിക്കുന്നതായി അറിയിച്ചത്. വ്യാഴാഴ്‌ചയാണ് വൈകാരികമായ പ്രസ്‌ മീറ്റിലൂടെ തമീം ഇക്‌ബാൽ ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്.

'ഇന്ന് ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി എന്നെ അവരുടെ വസതിയിലേക്ക് ക്ഷണിച്ചു. എന്നെ ഉപദേശിക്കുകയും വീണ്ടും രാജ്യത്തിനായി കളിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. അതിനാൽ ഈ നിമിഷം തന്നെ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ ഞാൻ തീരുമാനിക്കുകയാണ്. എനിക്ക് എല്ലാവരോടും 'നോ' പറയാൻ കഴിയും. പക്ഷേ പ്രധാന മന്ത്രിയുടെ അധികാരത്തിലിരിക്കുന്ന ഒരാളോട് നോ പറയാൻ കഴിയില്ല.

നസ്‌മുല്‍ ഹസനും (ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ്), മഷ്റഫെ മൊർത്താസയും (മുന്‍ നായകന്‍) എന്‍റെ പുതിയ തീരുമാനത്തില്‍ വലിയ ഘടകങ്ങളായിരുന്നു. എന്‍റെ ചികിത്സയ്‌ക്കും മറ്റുമായി പ്രധാനമന്ത്രി എനിക്ക് ഒന്നര മാസത്തെ ഇടവേള തന്നിട്ടുണ്ട്. മാനസികമായി സ്വതന്ത്രനായതിന് ശേഷം ഞാൻ മത്സരങ്ങൾ കളിക്കുന്നത് തുടരും' - പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം തമീം ഇക്ബാല്‍ വ്യക്‌തമാക്കി.

അതേസമയം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി തമീം ഇക്‌ബാൽ ആറാഴ്‌ച വിശ്രമം എടുക്കുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്‌ടർ ജലാൽ യൂനുസ് പറഞ്ഞത്. 'ആറ് മാസമായി അദ്ദേഹം ശാരീരികമായും മാനസികമായും സമ്മർദത്തിലായിരുന്നു. ഇത് അദ്ദേഹത്തിന്‍റെ പ്രകടനത്തെയും ബാധിച്ചു. ഇന്ന് ഞങ്ങളെയെല്ലാം പ്രധാനമന്ത്രി വിളിപ്പിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം വിരമിക്കൽ പിൻവലിച്ചത് വലിയ ആശ്വാസമാണ്' - ജലാൽ യൂനുസ് പറഞ്ഞു.

അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റ് വാങ്ങിയതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു തമീം ഇക്‌ബാലിന്‍റെ വിരമിക്കൽ പ്രഖ്യാപനം. ചറ്റോഗ്രാമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിൽ വികാരഭരിതനായാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഏകദിന ലോകകപ്പ് അടുത്തിരിക്കുന്നതിനാൽ തന്നെ തമീമിന്‍റെ തീരുമാനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്.

ALSO READ :ഏകദിന ലോകകപ്പിന് മുന്‍പ് ബംഗ്ലാദേശിന് തിരിച്ചടി, അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് നായകന്‍ തമീം ഇഖ്‌ബാല്‍

'ഇതാണ് എന്‍റെ കരിയറിന്‍റെ അവസാനം. ടീമിന് വേണ്ടി ഏറ്റവും മികച്ചതെല്ലാം ഞാന്‍ നല്‍കി. ഞാന്‍ പരമാവധി ശ്രമിച്ചു. ഈ നിമിഷം മുതല്‍ ഞാന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഈ നീണ്ട യാത്രയില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന എന്‍റെ കുടുംബം, സഹതാരങ്ങള്‍, പരിശീലകര്‍, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.

ആരാധകരോടും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അവര്‍ എനിക്ക് നല്‍കിയ സ്‌നേഹവും, എന്നില്‍ അര്‍പ്പിച്ച വിശ്വാസവും ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ എന്നെ പലപ്പോഴും പ്രചോദിപ്പിച്ചിരുന്നു. ജീവിതത്തില്‍ മറ്റൊരു അധ്യായത്തിലേക്ക് കടക്കുമ്പോഴും അവരുടെ സ്‌നേഹവും പിന്തുണയും എനിക്കൊപ്പം ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' - എന്നായിരുന്നു വിരമിക്കൽ പ്രഖ്യാപനം നടത്തിക്കൊണ്ട് തമീം പറഞ്ഞത്.

34 കാരനായ തമീം 241 ഏകദിനങ്ങളില്‍ 14 സെഞ്ച്വറി ഉള്‍പ്പടെ 8313 റണ്‍സുമായി 50 ഓവർ ഫോർമാറ്റില്‍ ബംഗ്ലാദേശിന്‍റെ ഏക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ്. 70 ടെസ്റ്റില്‍ 10 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും അടക്കം 5134 റണ്‍സും, ടി20 ക്രിക്കറ്റില്‍ 78 മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും അടക്കം 1758 റണ്‍സും തമീം അടിച്ചെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details