ദുബായ് :ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 152 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ക്യാപ്‌റ്റൻ വിരാട് കോലി നടത്തിയ പോരാട്ടമാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റണ്‍സ് എന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. ക്യാപ്‌റ്റന് മികച്ച പിന്തുണ നൽകിയ റിഷഭ് പന്തും ടീമിന്‍റെ ഉയർത്തെഴുനേൽപ്പിന് നിർണായക പങ്ക് വഹിച്ചു.
ആദ്യ ഓവറുകളിൽ തന്നെ മുൻനിര തകർത്ത് ഷഹീന്‍ അഫ്രീദി ഇന്ത്യക്ക് വൻ പ്രഹരമാണ് നൽകിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഉപനായകൻ രോഹിത് ശർമ്മയെ ഷഹീൻ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ മൂന്നാമത്തെ ഓവറിലെ ആദ്യ പന്തിൽ മനോഹരമായ ബോളിലൂടെ കെഎൽ രാഹുലിനെയും ക്ലീൻ ബൗൾഡാക്കി ഷാഹീൻ അഫ്രീദി ഇന്ത്യക്ക് ഇരട്ട പ്രഹരം നൽകി.
തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് ഒരു സിക്‌സ് നേടി ഫോമിന്‍റെ സൂചനകൾ കാണിച്ചുവെങ്കിലും ആറാം ഓവറില്‍ താരത്തെ ഹസന്‍ അലി പുറത്താക്കി. എട്ടു പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 11 റണ്‍സായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം.
തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലി - ഋഷഭ് പന്ത് സഖ്യം ഇന്ത്യയെ മെല്ലെ കരകയറ്റി. ഇരുവരും ചേർന്ന് 53 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ കൂട്ടിച്ചേർത്തു. എന്നാല്‍ 13-ാം ഓവറില്‍ പന്തിനെ മടക്കി ഷദാബ് ഖാന്‍ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 30 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 39 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.
ALSO READ :ടി20 ലോകകപ്പ്: തകർത്തടിച്ച് ചരിത് അസലങ്ക, ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ വിജയം
പിന്നാലെയെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കോലി ടീം സ്കോർ 100 കടത്തി. തുടർന്ന് കോലി തന്‍റെ അർധശതകവും പൂർത്തിയാക്കി. എന്നാൽ 17-ാം ഓവറിന്‍റെ അവസാന പന്തിൽ ജഡേജയെ പുറത്താക്കി ഹസൻ അലി ആ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ ക്യാപ്‌റ്റൻ കൊലിയേയും ഇന്ത്യക്ക് നഷ്‌ടമായി. 49 പന്തിൽ 57 റണ്‍സ് നേടിയ താരം ഷാഹിൻ അഫ്രീദിയുടെ പന്തിൽ ക്യാച്ച് നൽകി പുറത്താകുകയായിരുന്നു.
തുടർന്നിറങ്ങിയ ഹാർദിക് പാണ്ഡ്യ റണ്‍സ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഹാരിസ് റൗഫ് താരത്തെ പുറത്താക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ (5), മുഹമ്മദ് ഷമി എന്നിവർ പുറത്താകാതെ നിന്നു. പാകിസ്ഥാനായി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഹസൻ അലി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.