ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെക്കുറിച്ച് വ്യക്തത വരുത്തി നായകന്‍ വിരാട് കോലി. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെഎല്‍ രാഹുല്‍ ഓപ്പണറായെത്തുമെന്ന് കോലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലെ വിജയത്തിന് ശേഷമാണ് കോലിയുടെ പ്രതികരണം.
''ഐപിഎല്ലിന് മുമ്പ് കാര്യങ്ങൾ വ്യത്യസ്തമായിരുന്നു, ഇപ്പോള്‍ ടോപ് ഓര്‍ഡറില്‍ കെഎല്‍ രാഹുലിനെയല്ലാതെ സങ്കല്‍പ്പിക്കാനാകില്ല. അനായാസം കളിക്കാനാവുന്ന ഒരു ക്ലാസ് പ്ലെയറാണ് രോഹിത്. ഞാന്‍ മൂന്നാം നമ്പറില്‍ ഇറങ്ങും'' കോലി പറഞ്ഞു.
മൂന്നാമനായാവും താന്‍ ബാറ്റുചെയ്യാനിറങ്ങുകയെന്നും താരം വ്യക്തമാക്കി. അതേസമയം ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറായെത്തിയേക്കുമെന്ന് നേരത്തെ കോലി സൂചന നല്‍കിയിരുന്നു. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടത്തിനിടെയാണ് താരം ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്.
also read: ധോണിയില്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ലെന്ന് എന്‍ ശ്രീനിവാസന്‍
തുടര്‍ന്ന് പരമ്പരയിലെ അവസാന ഏകദിനത്തിലും ഐപിഎല്ലിന്‍റെ ആദ്യ പാദ മത്സരങ്ങളിലും താരം ഓപ്പണറായെത്തുകയും ചെയ്‌തു. കോലിയെക്കൂടാതെ നിലവിലെ 15 അംഗ ടീമില്‍ ഉള്‍പ്പെട്ട ഇഷാന്‍ കിഷനും ഓപ്പണറായി മികവ് തെളിയിച്ച താരമാണ്. ഇതോടെ സന്നാഹ മത്സരത്തിലും ഓപ്പണറായെത്തി അടിച്ച് തകര്‍ത്ത താരത്തിന് അവസരം ലഭിക്കില്ലെന്ന് ഉറപ്പായി.