ദുബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് തോല്‍വിയോടെ തുടക്കം. സൂപ്പര്‍ 12 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലുയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ അനായാസ ജയം സ്വന്തമാക്കി.
നായകന്‍ ബാബര്‍ അസം (52 പന്തില്‍ 68 റണ്‍സ്), മുഹമ്മദ് റിസ്‌വാന്‍ (55 പന്തില്‍ 79 റണ്‍സ്) എന്നിവരാണ് പാക്കിസ്ഥാന്‍റെ വിജയം ഉറപ്പിച്ചത്. സ്‌കോര്‍: ഇന്ത്യ-151/7 (20), പാകിസ്ഥാന്‍- 152/0 (17.5 ).ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിക്കുന്നത്.
ഒരു ഘട്ടത്തില്‍ പോലും പാകിസ്ഥാന്‍ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. മുഹമ്മദ് ഷമി 3.5 ഓവറില്‍ 43 റണ്‍സും വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 33 റണ്‍സും വഴങ്ങി.
നേരത്തേ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ പാക് ബൗളര്‍മാര്‍ വരിഞ്ഞ് മുറുക്കിയിരുന്നു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട സംഘത്തെ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലി (49 പന്തില്‍ 57 റണ്‍സ്), റിഷഭ് പന്ത് (30 പന്തില്‍ 39 റണ്‍സ് ) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ആദ്യ ഓവറിന്‍റെ നാലാം പന്തില്‍ തന്നെ ഷഹീന്‍ അഫ്രീദി രോഹിത് ശര്‍മയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു താരം തിരിച്ച് കയറിയത്. തുടര്‍ന്ന് മൂന്നാം ഓവറിന്‍റെ ആദ്യ പന്തില്‍ ഷഹീന്‍ കെഎല്‍ രാഹുലിന്‍റെ കുറ്റി പിഴുതതോടെ ഇന്ത്യ പ്രതിരോധത്തിലായി. എട്ട് പന്തുകളില്‍ മൂന്ന് റണ്‍സാണ് താരം നേടിയത്.
സൂര്യകുമാര്‍ യാദവ് (8 പന്തില്‍ 11), രവീന്ദ്ര ജഡേജ (13 പന്തില്‍ 13), ഹര്‍ദിക് പാണ്ഡ്യ (8 പന്തില്‍ 11), ഭുവനേശ്വര്‍ കുമാര്‍ (4 പന്തില്‍ 5*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. പാക്കിസ്ഥാനായി ഷഹീന്‍ അഫ്രീദി നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസന്‍ അലി രണ്ടും ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.