ദുബായ് : ടി20 ലോകകപ്പിലെ ജീവന്‍ മരണ പോരാട്ടത്തില്‍ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായി ഇന്ത്യൻ ടീം ഇന്ന് മത്സരത്തിനിറങ്ങുന്നത്. സൂര്യകുമാർ യാദവിന് പകരം ഇഷാൻ കിഷനെ ടീമിലെടുത്തപ്പോൾ ഭുവനേശ്വർ കുമാറിന് പകരം ശാർദുൽ താക്കൂർ ടീമിൽ ഇടം നേടി. ഒരു മാറ്റവുമായാണ് ന്യൂസിലാൻഡും കളത്തിലിറങ്ങുന്നത്. ടിം സീഫെർട്ടിന് പകരം ആദം മിൽനെയെ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
രണ്ടാം ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോൽവി വഴങ്ങിയ ഇന്ത്യക്ക് സെമി സാധ്യത നിലനിർത്തുന്നതിന് ഇന്നത്തെ വിജയം ഏറെ അനിവാര്യമാണ്. പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ഇന്ത്യ എന്നിവയാണ് രണ്ടാം ഗ്രൂപ്പിലെ പ്രധാന ടീമുകള്‍. പോയിന്‍റില്‍ മുന്നിലെത്തുന്ന രണ്ടുടീമുകള്‍ സെമിയിലെത്തും.
കിവീസിനെതിരെ അത്ര നല്ല ചരിത്രമല്ല ഇന്ത്യയ്ക്കുള്ളത്. ടി20യില്‍ ഇതുവരെ 16 മത്സരങ്ങളിലാണ് ഇരു സംഘവും ഏറ്റുമുട്ടിയത്. ഇതില്‍ എട്ട് മത്സരങ്ങള്‍ കിവികള്‍ക്കൊപ്പം നിന്നപ്പോള്‍ ആറ് മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. രണ്ട് മത്സരം ഉപേക്ഷിക്കപ്പെട്ടു.
ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലാവട്ടെ കളിച്ച അഞ്ച് മത്സങ്ങളില്‍ നാലിലും ഇന്ത്യ തോറ്റിരുന്നു. 2003 ലെ ഏകദിന ലോകകപ്പിലാണ് ഐസിസി ലോകകപ്പുകളിൽ ഇന്ത്യ അവസാനമായി ന്യൂസിലാൻഡിനെ കീഴടക്കിയത്.