മെൽബണ്‍:ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ പാകിസ്ഥാനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യന്‍ നായകൻ രോഹിത് ശർമ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തി. മൂന്ന് പേസർമാരും രണ്ട് സ്‌പിന്നർമാരുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
രോഹിത് ശർമയുടെ നേതൃത്വത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്. അതും പാകിസ്ഥാനെതിരെയാകുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ചിന്തിക്കില്ല. കൂടാതെ കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേരിട്ട നാണംകെട്ട തോൽവിക്കും കണക്ക് തീർക്കാനാകും ഇന്ത്യയുടെ ശ്രമം.
അതേസമയം മറുവശത്ത് പാകിസ്ഥാനും ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ചിന്തിക്കുന്നില്ല. ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യയെ പരാജയപ്പെടുത്തി ആത്മവിശ്വാസം വർധിപ്പിക്കാനാകും പാകിസ്ഥാന്‍റെ ശ്രമം. ടി20 ലോകകപ്പിൽ ഇരുവരും ആറ് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ അഞ്ച് തവണയും വിജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിലാണ് ഇന്ത്യ ആദ്യമായി പാകിസ്ഥാനോട് തോൽവി വഴങ്ങിയത്.