ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ദുബായിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്നതാണ്. ടീമില്‍ രവിചന്ദ്ര അശ്വിനെ കളിപ്പിക്കണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
നിലവിലെ ടീമില്‍ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളറെന്ന നിലയില്‍ താരത്തിന്‍റെ സാന്നിധ്യം ഇന്ത്യയെ വിജയത്തിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. 'ഇന്ത്യയുടെ ബൗളിങ് യൂണിറ്റ് മോശം പ്രകടനം നടത്തുന്ന ഈ സമയത്ത് അശ്വിന്‍റെ സേവനം അത്യാവശ്യമാണ്.
അശ്വിനെ ഇനിയും ബെഞ്ചിലിരുത്തുന്നത് ശരിയായി തോന്നുന്നില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം അശ്വിന്‍ കളിക്കണം. അല്ലെങ്കില്‍ മൂന്നാമത്തെ സ്പിന്നറായി അശ്വിനെ പരിഗണിക്കണം. അശ്വിനെപ്പോലുള്ള ഒരു ലോകോത്തര സ്പിന്നർ, വലംകൈയ്യനോ ഇടംകൈയ്യനോ എന്നതില്‍ വലിയ വ്യത്യാസമില്ല'. ഗവാസ്‌കര്‍ പറഞ്ഞു.
മിസ്റ്ററി സ്‌പിന്‍ അഫ്‌ഗാനെതിരെ ഗുണം ചെയ്യില്ല
അഫ്‌ഗാന്‍ ടീമില്‍ തന്നെ നിരവധി മിസ്റ്ററി സ്പിന്നര്‍മാരുണ്ടായതിനാല്‍ മറ്റ് ടീമുകളേക്കാള്‍ നന്നായി അവര്‍ക്ക് വരുണ്‍ ചക്രവര്‍ത്തിക്കെതിരെ കളിക്കാനാവുമെന്നും ഗവാസ്‌കര്‍ വിശദീകരിച്ചു. ' അഫ്‌ഗാന്‍ ടീമിലെ മിസ്റ്ററി സ്പിന്നർമാരുടെ എണ്ണം നോക്കുമ്പോൾ, മുജീബിനെ പോലെയുള്ള ഒരു താരത്തേയും, അന്തിമ ഇലവനില്‍ ഇടം പിടിക്കാത്ത മറ്റ് താരങ്ങളേയും പരിഗണിക്കുമ്പോള്‍, അവർക്ക് ഈ മിസ്റ്ററി സ്പിന്നർമാരുടെ ഒരു ബാഹുല്യമുണ്ട്.