ദുബായ്: ടി20 ലോകകപ്പിൽ പാപ്പുവ ന്യൂ ഗിനിയയെ തകർത്ത് ബംഗ്ലാദേശ് സൂപ്പർ 12ൽ പ്രവേശിച്ചു. 84 റണ്‍സിന്‍റെ ആധികാരിക വിജയത്തോടെയാണ് ബംഗ്ലാദേശ് സൂപ്പർ പോരാട്ടം ഉറപ്പിച്ചത്. ബംഗ്ലാദേശിന്‍റെ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടന്നിറങ്ങിയ പാപ്പുവ ന്യൂ ഗിനിയ 97 റണ്‍സിന് ഓൾ ഔട്ട് ആകുകയായിരുന്നു. സ്കോർ : ബംഗ്ലാദേശ് 181/7, പാപ്പുവ ന്യൂ ഗിനിയ 97 ഓൾ ഔട്ട്
50 റണ്‍സ് നേടിയ മഹ്മൂദുളളയും 46 റണ്‍സെടുത്ത ഷക്കിബ് അൽ ഹസനും ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 28 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതമായിരുന്നു മഹ്മൂദുള്ള 50 റണ്‍സ് നേടിയത്. ലിറ്റണ്‍ ദാസ് 29 റണ്‍സും ആഫിഫ് ഹൊസൈന്‍ 21 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ന്യൂ ഗിനിയ ഷക്കിബ് അൽ ഹസന്‍റെ ബോളിങ്ങ് മികവിൽ ഒരു ഘട്ടത്തിൽ 29/7 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ കിപ്ലിന്‍ ഡോറിഗയുടെ ഒറ്റയാൾ പോരാട്ടമാണ് ടീമിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 34 പന്തില്‍ രണ്ടു വീതം ഫോറും സിക്‌സും സഹിതം 46 റണ്‍സെടുത്ത് കിപ്ലിന്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ നാല് ഓവറിൽ ഒൻപത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി.
ALSO READ :ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 1000 ; പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ
ആദ്യ മത്സരത്തില്‍ സ്കോട്‌ലാന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ ബംഗ്ലാദേശിന്‍റെ സൂപ്പര്‍ 12 യോഗ്യത തുലാസിലായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഒമാനെയും മൂന്നാം മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയയെയും തകര്‍ത്ത് ഗ്രൂപ്പിൽ ഒന്നാമതായാണ് ബംഗ്ലാദേശ് സൂപ്പര്‍ 12ലേക്ക് പ്രവേശിച്ചത്.