അബുദാബി : ടി20 ലോകകപ്പിൽ നമീബിയക്കെതിരെ 62 റണ്‍സിന്‍റെ കൂറ്റൻ വിജയം സ്വന്തമാക്കി അഫ്‌ഗാനിസ്ഥാൻ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160 റണ്‍സ് നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സേ നേടാനായുള്ളൂ.
വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ നമീബിയൻ ബാറ്റ്സ്മാൻമാരെ വരിഞ്ഞുമുറുക്കുന്ന പ്രകടനമാണ് അഫ്‌ഗാൻ ബോളർമാർ കാഴ്‌ചവച്ചത്. ഓപ്പണർമാരായ ക്രെയ്‌ഗ് വില്യംസ് (1), മൈക്കല്‍ വാന്‍ ലിംഗെന്‍ (11) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി. ലോഫി ഈട്ടണ്‍ (14), ജെര്‍ഹാര്‍ഡ് എറാമസ് (12), സെയ്ന്‍ ഗ്രീന്‍ (1) എന്നിവര്‍ക്കൊന്നും തന്നെ അഫ്‌ഗാന്‍ ബൗളിങ്ങിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എന്നാൽ പിന്നീടിറങ്ങിയ ഡേവിഡ് വെയ്‌സ് (26) മാത്രമാണ് നമീബിയൻ നിരയിൽ പിടിച്ചുനിന്നത്.
ജെ.ജെ സ്മിത്ത് (0), ജാന്‍ ഫ്രൈലിക് (6), പിക്കി യാ ഫ്രാന്‍സ് (3) എന്നിവരും വളരെ പെട്ടന്നുതന്നെ കൂടാരം കയറി. അഫ്‌ഗാനായി നവീന്‍ ഉള്‍ ഹഖ്, ഹമീദ് ഹസൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ഗുല്‍ബാദിന്‍ നയ്ബ് രണ്ട് വിക്കറ്റെടുത്തു. റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.