മുംബൈ:ഐസിസി ടി20 ലോകകപ്പ് 2024 (ICC T20 World Cup), ജൂണ്‍ 4 മുതല്‍ 30 വരെ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിലും (West Indies) യുഎസ്‌എയിലുമായാണ് (USA) ടൂര്‍ണമെന്‍റ് നടക്കുന്നത്. അടുത്ത മാസത്തോടെ ലോകകപ്പ് വേദികള്‍ സംബന്ധിച്ച് ഐസിസി (ICC) ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസുമായും (Cricket West Indies) യുഎസ്എ ക്രിക്കറ്റുമായും (USAC) ചര്‍ച്ച ചെയ്‌ത് അന്തിമ തീരുമാനമെടുക്കുമെന്ന് ഇഎസ്‌പിഎന്‍ ക്രിക്ക്ഇന്‍ഫോ (ESPN Cricinfo) റിപ്പോര്‍ട്ട് ചെയ്‌തു.
ടി20 ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച യുഎസ്എയിലെ സ്ഥലങ്ങളില്‍ ഐസിസി പ്രതിനിധി സംഘം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ടൂര്‍ണമെന്‍റിലെ പ്രധാന മത്സരങ്ങള്‍ക്ക് വേദിയായേക്കാവുന്ന ഡാളസ് (Dallas), മോറിസ്‌വില്ലെ (Morrisville), ന്യൂയോര്‍ക്ക് (New York) എന്നിവിടങ്ങളിലും സന്നാഹ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ഫ്ലോറിഡയിലെ ലോര്‍ഡ്‌ഹില്ലിലുമാണ് പ്രതിനിധി സംഘമെത്തിയത്. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റ് (Major League Cricket) മത്സരങ്ങള്‍ മോറിസ്‌വില്ലെ, ഡാളസ് എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
അതേസമയം, ഈ മൈതാനങ്ങള്‍ക്ക് ഇതുവരെയും രാജ്യാന്തര പദവി ലഭിച്ചിട്ടില്ല. ഐസിസി നിയമങ്ങള്‍ അനുസരിച്ച് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന സ്റ്റേഡിയങ്ങള്‍ക്ക് രാജ്യാന്തര പദവി ആവശ്യമാണ്. വരുന്ന മാസങ്ങളില്‍, ലോകകപ്പ് വേദിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
ടീമുകള്‍ കൂടും, മത്സര രീതിയും മാറും:അടിമുടി മാറ്റങ്ങളുമായാണ് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് നടക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി മത്സരിക്കുന്ന ടീമുകളുടെ എണ്ണത്തിലും മാറ്റമുണ്ട്. 2022ലെ ലോകകപ്പില്‍ 12 ടീമുകളായിരുന്നു മത്സരിച്ചിരുന്നതെങ്കില്‍ അടുത്ത വര്‍ഷം 20 ടീമുകളാണ് ലോക കിരീടത്തിനായി പോരടിക്കുക.