ഗീലോങ് : ടി20 ലോകകപ്പില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്‌ക്ക് തോല്‍വിത്തുടക്കം. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ നമീബിയയോട് 55 റണ്‍സിനാണ് ശ്രീലങ്ക കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത നമീബിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. 23 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദാസുൻ ഷനകയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മറ്റ് മൂന്ന് താരങ്ങള്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം തൊട്ടത്.
മോശം തുടക്കമാണ് ലങ്കയ്‌ക്ക് ലഭിച്ചത്. ഏഴ് ഓവര്‍ പിന്നിടുമ്പോഴേക്കും 40 റണ്‍സിന് നാല് വിക്കറ്റുകളാണ് സംഘത്തിന് നഷ്‌ടമായത്. കുശാല്‍ മെൻഡിസ് (6), പാത്തും നിസ്സാങ്ക (9), ധനുഷ്ക ഗുണതിലക (0), ധനഞ്ജയ ഡി സിൽവ (11) എന്നിവരാണ് വേഗം തിരിച്ച് കയറിയത്.
തുടര്‍ന്ന് ഒന്നിച്ച ഭാനുക രാജപക്‌സെയും ദാസുൻ ഷനകയും ചെറുത്തുനിന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അഞ്ചാം വിക്കറ്റില്‍ 34 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവര്‍ക്കും നേടാന്‍ കഴിഞ്ഞത്. രാജപക്‌സെയെ വീഴ്‌ത്തി ബെർണാഡ് ഷോൾട്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്നെത്തിയ വാനിന്ദു ഹസരങ്കയ്‌ക്ക് (4) പിന്നാലെ ഷനകയും മടങ്ങിയതോടെ ലങ്ക പരുങ്ങി. ഒടുവില്‍ വാലറ്റക്കാരായ ചാമിക കരുണരത്‌നെ (5), പ്രമോദ് മധുഷൻ (0) ദുഷ്മന്ത ചമീര (8) എന്നിവര്‍ക്ക് കാരമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതോടെ ലങ്കന്‍ ഇന്നിങ്‌സിന് തിരശ്ശീല വീണു.
11 പന്തില്‍ 11റണ്‍സ് നേടിയ മഹീഷ് തീക്ഷണ പുറത്താവാതെ നിന്നു. നമീബിയക്കായി ബെര്‍ണാണ്‍ഡ് സ്കോള്‍ട്സ്, ബെന്‍ ഷിക്കോംഗോ, ജാന്‍ ഫ്രൈലിങ്ക് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ നമീബിയയ്‌ക്ക് ജാന്‍ ഫ്രൈലിങ്ക് (28 പന്തില്‍ 44), ജെജെ സ്‌മിത് (16 പന്തില്‍ പുറത്താകാതെ 31) എന്നിവര്‍ നടത്തിയ പോരാട്ടമാണ് തുണയായത്. 14.2 ഓവറില്‍ ആറിന് 93 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട നമീബിയയ്‌ക്കായി ഫ്രൈലിങ്കും സ്‌മിത്തും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 70 റണ്‍സിന്‍റെ നിര്‍ണായ കൂട്ടുകെട്ടുയര്‍ത്തി.
20ാം ഓവറിലെ അവസാന പന്തില്‍ ഫ്രൈലിങ്ക് റണ്ണൗട്ടായി. നിക്കോള്‍ ലോഫ്റ്റി (12 പന്തില്‍ 20), സ്റ്റീഫൻ ബാർഡ് (24 പന്തില്‍ 26), ജെറാഡ് എരാസ്‌മസ് (24 പന്തില്‍ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ലങ്കയ്‌ക്കായി പ്രമോദ് മധുഷന്‍ രണ്ട് വിക്കറ്റ് നേടി.