ബ്രിസ്‌ബേന്‍: ടി20 ലോകകപ്പില്‍ മോശം ഫോം തുടരുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് പിന്തുണയുമായി സഹപരിശീലകന്‍ പോള്‍ കോളിങ്‌വുഡ്. നിര്‍ണായക സാഹചര്യങ്ങളില്‍ ടീമിന് ആവശ്യമുള്ള പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിവുള്ള താരമാണ് സ്‌റ്റോക്‌സ് എന്ന് കോളിങ്‌വുഡ് പറഞ്ഞു. ന്യൂസിലന്‍ഡുമായുള്ള മത്സരത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'സമ്മര്‍ദഘട്ടങ്ങള്‍ നേരിടുമ്പോള്‍ എതൊരു ടീമും ആഗ്രഹിക്കുന്നത് സ്‌റ്റോക്‌സിനെ പോലൊരു താരത്തെയാണ്. ഏതൊരു ദുര്‍ഘടമായ സാഹചര്യങ്ങളിലും മാച്ച് വിന്നിങ് ഇന്നിങ്സുകള്‍ കളിക്കാന്‍ ബെന്‍ സ്‌റ്റോക്‌സിന് കഴിയും. ഇത് പോലൊരു സാഹചര്യത്തില്‍ മറ്റേത് താരമാണെങ്കിലും പുറത്തുപോകേണ്ടി വരുമെന്ന് എനിക്കറിയാം.
എന്നാല്‍ ബാറ്റ് കൊണ്ട് മാത്രമല്ല, ഫീല്‍ഡിലും പന്ത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സ്‌റ്റോക്‌സിന് കഴിവുണ്ട്. അവന്‍ ഒരു ഓള്‍റൗണ്ടറാണ്. അതുകൊണ്ട് തന്നെ അയാള്‍ക്ക് ടീമിന് വേണ്ടി ഒരു മത്സരത്തില്‍ പല സംഭാവനകളും നല്‍കാന്‍ സാധിക്കും.
ടീമിന് ആവശ്യമായ ഒരു ഇന്നിങ്സ് സ്‌റ്റോക്‌സ് കാഴ്‌ചവയ്‌ക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇനി വരാനിരിക്കുന്ന മത്സരങ്ങളെല്ലാം ഇംഗ്ലണ്ടിന് നിര്‍ണായകമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സ്‌റ്റോക്‌സിന്‍റെ മികച്ച പ്രകടനങ്ങള്‍ നമ്മള്‍ മുന്‍പ് കണ്ടിട്ടുള്ളതാണെന്നും കോളിങ്‌വുഡ് പറഞ്ഞു.
ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ രണ്ട് മത്സരങ്ങളാണ് ഇംഗ്ലണ്ടിന് ശേഷിക്കുന്നത്. നവംബര്‍ ഒന്നിന് ന്യൂസിലന്‍ഡിനെ നേരിടുന്ന ഇംഗ്ലണ്ട് ടീമിന് അഞ്ചിന് അവസാന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളി.