മെൽബണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ഗ്ലാമർ പോരാട്ടമായ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇരുടീമുകളുടെയും ആദ്യ മത്സരം എന്നതിലുപരി ക്രിക്കറ്റിലെ ചിരവൈരികൾ തമ്മിലുള്ള പോരാട്ടം എന്ന നിലയ്‌ക്കാണ് ആരാധകർ ഞായറാഴ്‌ച (23.10.2022) നടക്കുന്ന ഇന്ത്യ -പാക് മത്സരത്തെ നോക്കിക്കാണുന്നത്. മെൽബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക.
മഴ കളിക്കുമോ?: ആരാധകർ നാളുകളായി കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ കളിക്കുമോ എന്നതാണ് നിലവിലെ പ്രധാന പ്രശ്‌നം. മത്സര ദിവസം മെൽബണിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മത്സരത്തിൽ 60 ശതമാനം മഴ സാധ്യതയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ശനിയാഴ്‌ച രാവിലെ മുതൽ ഇവിടെ മഴ പെയ്‌തിട്ടില്ല എന്നത് ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്. ഒരു പക്ഷേ മത്സരം നടന്നില്ലെങ്കിൽ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കിട്ടെടുക്കും.
ഐസിസി ടൂർണമെന്‍റുകളിൽ ഇതുവരെ ഇന്ത്യയെ കീഴ്‌പ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് കഴിഞ്ഞ ടി20 ലോകകപ്പോടെ പാകിസ്ഥാൻ മറികടന്നിരുന്നു. ദുബായിൽ നടന്ന വാശിയേറിയ മത്സരത്തിൽ 10 വിക്കറ്റിന്‍റെ ആധികാരിക ജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. പിന്നാലെ കഴിഞ്ഞ തവണ നടന്ന ഏഷ്യ കപ്പിലും 5 വിക്കറ്റിന്‍റെ ജയം പാക് പട നേടിയിരുന്നു. അതിനാൽ തന്നെ ഇത്തവണ തോൽവിക്ക് പകരം വീട്ടുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരിക്കും ഇന്ത്യയുടെ മനസിൽ.
ബാറ്റിങ് VS ബോളിങ്: ഇന്ത്യയുടെ ബാറ്റിങ് നിരയും പാകിസ്ഥാന്‍റെ ബോളിങ് നിരയും തമ്മിലായിരിക്കും ഇത്തവണ പോരാട്ടം നടക്കുക. രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവർ അടങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര ഏത് ലോകോത്തര ബോളർമാരുടേയും പേടി സ്വപ്‌നം തന്നെയാണ്. ഏത് സാഹചര്യത്തിലും അനായാസം ബാറ്റ് വീശുന്ന സൂര്യകുമാർ യാദവിലും പാകിസ്ഥാനെ എല്ലാ മത്സരങ്ങളിലും പഞ്ഞിക്കിടുന്ന വിരാട് കോലിയിലുമാണ് ഇന്ത്യൻ പ്രതീക്ഷ.
മറുവശത്ത് ഏറെ പരിതാപകരമാണ് ഇന്ത്യൻ ബോളിങ് യൂണിറ്റിന്‍റെ സ്ഥിതി. ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്‌പ്രീത് ബുംറയും, സ്‌പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായത് വലിയ തോതിൽ തന്നെ ടീമിനെ ബാധിക്കും. നിലവിൽ മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, അർഷ്‌ദീപ് സിങ്, ഭുവനേശ്വർ കുമാർ എന്നിവരാണ് ഇന്ത്യൻ പേസ് നിരയുടെ ശക്തി. അശ്വിൻ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ എന്നിവരാണ് സ്‌പിൻ യൂണിറ്റ്. എന്നാൽ സ്ഥിരതയില്ലായ്‌മയാണ് പ്രധാന പ്രശ്‌നം.
കരുത്തോടെ പാകിസ്ഥാൻ: അതേസമയം മറുവശത്ത് ബാറ്റിങ്ങിലും ബോളിങ്ങിലും ഏറെക്കുറെ സ്ഥിരത പുലര്‍ത്തുന്നുണ്ട് പാകിസ്ഥാൻ. തീപ്പൊരി ബോളിങ്ങുമായി തിളങ്ങുന്ന ഷഹീൻ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെ നേരിടാൻ ഇന്ത്യൻ ബാറ്റർമാർ ഏറെ പണിപ്പെടേണ്ടിവരും. കൂട്ടത്തിൽ ന്യൂബോളിൽ അക്രമം അഴിച്ചുവിടുന്ന ഷഹീൻ അഫ്രീദിയെ പിടിച്ച് കെട്ടുക എന്നതിലാകും ഇന്ത്യൻ ബാറ്റർമാർ ശ്രദ്ധ നൽകുക. നവാസ് അലി, ഷദാബ് ഖാൻ എന്നിവരടങ്ങുന്ന സ്‌പിൻ നിരയും ഏത് സമയവും മത്സരം പിടിച്ചെടുക്കാൻ കെൽപ്പുള്ളവരാണ്.