സിഡ്‌നി : ടി20 ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12:30 മുതലാണ് മത്സരം.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയമാണ് ലക്ഷ്യം. താരതമ്യേന ദുര്‍ബലരായ നെതര്‍ലാന്‍ഡ്സിനെതിരെയുള്ള മത്സരം പരീക്ഷണത്തിനുള്ള അവസരമായാകും ഇന്ത്യന്‍ ടീം കാണുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വമ്പന്‍ മത്സരത്തിന് മുന്‍പ് ടീമില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കണ്ടെത്താനാകും ഇന്ത്യയുടെ ശ്രമം.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയാണ് നെതര്‍ലാന്‍ഡ്‌സ് ഇന്ത്യക്കെതിരായ മത്സരത്തിനിറങ്ങുന്നത്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ 9 റണ്‍സിനായിരുന്നു നെതര്‍ലാന്‍ഡ്‌സിന്‍റെ തോല്‍വി. ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും അവരുടെ ശ്രമം.
സ്‌പിന്നിന് അനുകൂലമായ പിച്ച് :സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന പിച്ചാണ് സിഡ്‌നിയിലേത്. ഈ സാഹചര്യത്തില്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുറപ്പിക്കാം. പാകിസ്ഥാനെതിരെ തിളങ്ങാന്‍ സാധിക്കാതിരുന്ന അക്സര്‍ പട്ടേലിന് പകരം യുസ്‌വേന്ദ്ര ചാഹല്‍ അവസാന പതിനൊന്നില്‍ ഇടം പിടിക്കാനാണ് സാധ്യത.
അതേസമയം ഹാര്‍ദിക് പാണ്ഡ്യക്ക് ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാണ്ഡ്യയ്‌ക്ക് വിശ്രമം അനുവദിച്ചാല്‍ ദീപക് ഹൂഡ പ്ലേയിങ് ഇലവനിലേക്കെത്തിയേക്കും. ഭുവനേശ്വര്‍ കുമാര്‍, മൊഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ക്ക് തന്നെയാകും പേസ് ബോളിങ് ചുമതല.
ബാറ്റിങ് ലൈനപ്പില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് ടീം മാനേജ്മെന്‍റ് മുതിരാന്‍ സാധ്യതയില്ല. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ ഓപ്പണര്‍മാര്‍ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ഫോം കണ്ടെത്തേണ്ടതുണ്ട്. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരും ടീമില്‍ തുടരും.
ടോസ് നേടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കും : സിഡ്‌നിയിലെ മുന്‍ കണക്കുകള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് അനുകൂലം. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. ടോസ് ലഭിക്കുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യ ഇന്നിങ്സിലെ ശരാശരി സ്‌കോര്‍ 163 ആണ്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇത് 138 മാത്രമാണ്. മത്സരം പുരോഗമിക്കുമ്പോള്‍ പിച്ച് സ്ലോയാകുന്നതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കാര്യങ്ങള്‍ എളുപ്പമാകില്ല.
സിഡ്‌നിയില്‍ ഇക്കുറി ആദ്യം നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയക്കെതിരെ വിജയിച്ചിരുന്നു. കളിയില്‍ ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 200 റണ്‍സാണ് അടിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 111ന് ഓള്‍ ഔട്ട് ആയിരുന്നു.
കാലാവസ്ഥ പ്രവചനം : ഇന്ത്യ നെതര്‍ലാന്‍ഡ്‌സ് മത്സരത്തിനിടെ മഴമുന്നറിയിപ്പുണ്ടെങ്കിലും മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സര ദിവസമായ ഇന്ന് 40 ശതമാനം മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനം. മികച്ച ഡ്രൈനേജ് സൗകര്യമുള്ള സിഡ്‌നിയില്‍ മഴ പെയ്‌താലും അത് മത്സരത്തെ ബാധിക്കാതിരിക്കാനാണ് സാധ്യത.
എവിടെ കാണാം :സിഡ്‌നിയില്‍ പ്രദേശിക സമയം ആറ് മണിക്കാണ് ഇന്ത്യ നെര്‍ലാന്‍ഡ്‌സ് മത്സരം ആരംഭിക്കുന്നത്. അതായത് ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12:30ന് തുടങ്ങുന്ന മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും, ഹോട്സ്റ്റാറിലൂടെയും തത്സമയം കാണാം.
ഇന്ത്യ:രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് (കീപ്പർ), ഋഷഭ് പന്ത് (കീപ്പർ), യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, അർഷ്‌ദീപ് സിങ്, ഹർഷൽ പട്ടേൽ, ദീപക് ഹൂഡ
നെതര്‍ലാന്‍ഡ്‌സ് : സ്കോട്ട് എഡ്വേർഡ്‌സ് (ക്യാപ്‌റ്റന്‍), കോളിൻ അക്കർമാൻ, ഷാരിസ് അഹമ്മദ്, ലോഗൻ വാൻ ബീക്ക്, ടോം കൂപ്പർ, ബ്രാൻഡൻ ഗ്ലോവർ, ടിം വാൻ ഡെർ ഗുഗ്‌റ്റെന്‍, ഫ്രെഡ് ക്ലാസ്സെൻ, ബാസ് ഡി ലീഡ്, പോൾ വാൻ മീകെരെൻ, റോലോഫ് വാൻ ഡെർ മെർവെ, സ്റ്റീഫൻ മൈദമാൻഗുരു, തേജ നിദാമൻഗുരു , മാക്‌സ് ഒ ഡൗഡ്, ടിം പ്രിംഗിൾ, വിക്രം സിങ്