മെല്‍ബണ്‍:ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. സിംബാബ്‍വെയാണ് എതിരാളി. മെൽബണിൽ ഉച്ചക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. ടി20 ലോകകപ്പിൽ ഇതാദ്യമായാണ് ഇന്ത്യയും സിംബാബ്‌വെയും നേർക്കുനേർ എത്തുന്നത്.
ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് അട്ടിമറിച്ചതോടെ ഈ മത്സരത്തിന് മുന്നെ സെമിയുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. സിംബാബ്‌വെയ്‌ക്കെതിരെ വിജയിച്ചാല്‍ ആധികാരികമായി തന്നെ ഇന്ത്യയ്‌ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാവാം.
രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ഓപ്പണർ കെഎൽ രാഹുൽ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യയ്‌ക്ക് ആശ്വാസമാണ്. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ തകര്‍പ്പന്‍ ഫോം ഇന്ത്യയ്‌ക്ക് തുണയാവും.
പേസര്‍മാരെ തുണയ്‌ക്കുന്നതാണ് മെൽബണിലെ ചിച്ച്. അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ തിളങ്ങിയാല്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ആര്‍ അശ്വിന് പകരം ചാഹലിനെ പരീക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും തിളങ്ങാന്‍ അശ്വിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വിജയിച്ച കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് താല്‍പര്യമില്ലാത്തതിനാല്‍ ആശ്വിന്‍ തുടര്‍ന്നേക്കും.
ഫിനിഷര്‍ എന്ന നിലയില്‍ ദിനേശ് കാര്‍ത്തികിന്‍റെ പ്രകടനത്തില്‍ വിമര്‍ശനമുയരുന്നുണ്ട്. ലോകകപ്പില്‍ കഴിഞ്ഞ മത്സരങ്ങളില്‍ 1,6,7 എന്നിങ്ങനെയാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ആകെ നേരിട്ടത് 22 പന്തുകള്‍ മാത്രവും. എന്നാല്‍ മാനേജ്‌മെന്‍റിന്‍റെ ശക്തമായ പിന്തുണ താരത്തിനുണ്ട്. ഇതോടെ റിഷഭ് പന്ത് പുറത്തിരിക്കേണ്ടി വന്നേക്കും.
ഇന്ത്യന്‍ ടീം സാധ്യത ഇലവന്‍:രോഹിത് ശർമ്മ (സി) , കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, ആര്‍ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.