അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിന് മുന്നെ വമ്പന്‍ പരിക്കിന്‍റെ ആശങ്കയില്‍ നിന്നും കഷ്‌ടിച്ച് രക്ഷപ്പെട്ട് ഇന്ത്യ. ഇന്ന് അഡ്‌ലെയ്‌ഡില്‍ പരിശീലനത്തിനിടെ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് എറുകൊണ്ടതായി റിപ്പോര്‍ട്ട്.
കോലിയുടെ അരക്കെട്ടിലാണ് പന്തിടിച്ചത്. പരിക്കേറ്റെങ്കിലും ഉടനടി നെറ്റ്‌സില്‍ തിരിച്ചെത്തിയ താരം പരിശീലനം പുനരാരംഭിച്ചു. വളരെ ആക്രമണോത്സുകമായി ബാറ്റ് ചെയ്‌ത കോലി തന്‍റെ സ്‌പെഷ്യല്‍ കവര്‍ ഡ്രൈവുകളും പോയിന്‍റിലേക്കുള്ള ഷോട്ടുകളുമാണ് ഏറെയും കളിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കയ്യിലും പന്തിടിച്ചിരുന്നു. പുൾ ഷോട്ടിന് ശ്രമിച്ച രോഹിത് പരാജയപ്പെടുകയായിരുന്നു. പന്തുകൊണ്ട ഭാഗത്ത് ഐസ് പായ്ക്ക് വച്ച് വിശ്രമിച്ച ശേഷം നെറ്റ്സിലെത്തിയെങ്കിലും ഉടൻ തന്നെ താരം പരിശീലനം പൂർത്തിയാക്കി മടങ്ങിയിരുന്നു.
രോഹിത് ഇന്ന് വീണ്ടും പരിശീലനത്തിനിറങ്ങിയത് ഇന്ത്യയ്‌ക്ക് ആശ്വാസമാണ്. ഇംഗ്ലണ്ടിനെതിരെ താന്‍ കളിക്കുമെന്ന് രോഹിത് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു. നാളെ അഡ്‌ലെയ്‌ഡില്‍ ഉച്ചയ്‌ക്ക് 1.30നാണ് ഇന്ത്യ- ഇംഗ്ലണ്ട് മത്സരം.
also read:പുകഴ്‌ത്തലോട് പുകഴ്‌ത്തല്‍: ബാറ്റിങിലെ ആത്മവിശ്വാസം, സ്വാതന്ത്ര്യം.. അതാണ് സൂര്യയുടെ വിജയമെന്ന് ബട്‌ലര്‍