മെല്‍ബണ്‍: തന്നെ ക്രിക്കറ്റ് താരമാക്കുന്നതില്‍ പിതാവ് സഹിച്ച ത്യാഗങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെ വികാരാധീനനായി ഇന്ത്യയുടെ സ്‌റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമാണ് പിതാവ് ഹിമാന്‍ഷു പാണ്ഡ്യയെ കുറിച്ചുള്ള ഓര്‍മകള്‍ ഇന്ത്യന്‍ താരം പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പിതാവ് മരണപ്പെട്ടത്.
'അച്ഛന്‍റെ ത്യാഗങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്'; നിറകണ്ണുകളോടെ ഹാര്‍ദിക് പാണ്ഡ്യ - ടി20 ലോകകപ്പ്
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം നടന്ന അഭിമുഖത്തിലാണ് പിതാവ് ഹിമാന്‍ഷു പാണ്ഡ്യയെ ഓര്‍ത്ത് ഹാര്‍ദിക് വികാരഭരിതനായത്.
'ഒരു ആറ് വയസുകാരന്‍റെ സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ അദ്ദേഹത്തിന് പല നഗരങ്ങളിലേക്കും പലായനം ചെയ്യേണ്ടി വന്നു. ജോലിയും ബിസിനസും ഉപേക്ഷിച്ചു. അച്ഛന്‍റെ ത്യാഗങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ എത്തില്ലായിരുന്നു', ഹാര്‍ദിക് പറഞ്ഞു.
പാകിസ്ഥാനെതിരായ മത്സരത്തില്‍ വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള 113 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. 37 പന്തില്‍ 40 റണ്‍സാണ് ഹാര്‍ദിക് ബാറ്റിങ്ങില്‍ നേടിയത്. ആദ്യം ബോള്‍ ചെയ്‌ത ഇന്ത്യയ്‌ക്കായി പാകിസ്ഥാന്‍റെ മൂന്ന് വിക്കറ്റും പാണ്ഡ്യ നേടിയിരുന്നു.