അഡ്‌ലെയ്‌ഡ് : ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക സ്ഥാനമാണ് വിരാട് കോലിക്കുള്ളത്. സൂപ്പര്‍ 12ലെ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറികളാണ് കോലി അടിച്ചുകൂട്ടിയത്. നിലവിലെ റണ്‍ വേട്ടക്കാരുടെ പട്ടികയിലും കോലി മുന്നിലാണ്.
ഏറെ നീണ്ട റണ്‍ വരള്‍ച്ചയ്‌ക്കിടെ ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ താരത്തിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഏഷ്യ കപ്പില്‍ അഫ്‌ഗാനെതിരായ സെഞ്ച്വറി പ്രകടനത്തോടെ ഗംഭീര തിരിച്ചുവരവായിരുന്നു കോലി നടത്തിയത്. താരത്തിന്‍റെ നിലവിലെ പ്രകടനം ഏറെ പഴി പറഞ്ഞവര്‍ക്കുള്ള മറുപടികൂടിയാണ്.
എന്നാല്‍ ഒരിക്കലും എഴുതിത്തള്ളാന്‍ കഴിയാത്ത താരമെന്ന അവകാശം കോലി നേരത്തേതന്നെ സ്വന്തമാക്കിയിരുന്നുവെന്നാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് പറയുന്നത്. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയുള്ള വാര്‍ത്താസമ്മേളനത്തിലാണ് സ്റ്റോക്‌സ് കോലിയെ പുകഴ്‌ത്തിയത്.
'ഒരിക്കലും എഴുതിത്തള്ളപ്പെടാതിരിക്കാനുള്ള അവകാശം കോലി നേടിയിട്ടുണ്ട്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും ഏറെ റണ്‍സടിച്ച് കൂട്ടാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്'- സ്റ്റോക്‌സ് പറഞ്ഞു. രോഹിത് ശര്‍മയുടെ ഫോമിനെക്കുറിച്ചുള്ള ചോദ്യത്തോടും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ പ്രതികരിച്ചു.
also read:T20 World Cup: പുൾ ഷോട്ട് ശ്രമം പരാജയം, രോഹിത്തിന്‍റെ കൈയില്‍ പന്തിടിച്ചു; ഇന്ത്യയ്‌ക്ക് ആശങ്ക
രോഹിത് ഒരു ലോകോത്തര കളിക്കാരനാണ്. ടി20 ഫോര്‍മാറ്റില്‍ തന്‍റെ കഴിവ് തെളിയിച്ച താരത്തെ ഒരിക്കലും നിസാരമായി കാണാനാകില്ല. മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ തുടക്കത്തില്‍ തന്നെ പിടിച്ചുകെട്ടാന്‍ ശ്രമം നടത്തുമെന്നും താരം പറഞ്ഞു.
സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് മുന്നേറാന്‍ കഴിയുമെന്ന ആത്മവിശ്വാസവും സ്റ്റോക്‌സ് പ്രകടിപ്പിച്ചു. "ഇന്ത്യയ്‌ക്കെതിരായ മത്സരം കഠിനമാണ്. എന്നാല്‍ വ്യാഴാഴ്ച ഏത് ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനാകും എന്നത് നിർണായകമാവും' - സ്റ്റോക്‌സ് പറഞ്ഞുനിര്‍ത്തി.