കേരളം

kerala

ETV Bharat / sports

T20 WORLD CUP 2022 | ശ്രീലങ്കയെ തല്ലിച്ചതച്ച് സ്റ്റോയിനിസ്; ഓസ്‌ട്രേലിയക്ക് അനായാസ ജയം

ആദ്യമത്സരത്തിൽ ന്യൂസിലാൻഡിനെതിരെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് സെമി സാധ്യതകൾ നിലനിർത്താൻ ശ്രീലങ്കയ്‌ക്കെതിരെ ജയം അനിവാര്യമായിരുന്നു

ഓസ്‌ട്രേലിയയ്‌ക്ക് അനായാസ ജയം  ശ്രീലങ്കയെ തല്ലിച്ചതച്ച് സ്റ്റോയിൻസ്  T20 WORLD CUP 2022  Srilanka VS Australia  ടി20 ലോകകപ്പ്  മാർക്കസ് സ്റ്റോയിനിസ്  Marcus Stoinis  സെമി സാധ്യത നിലനിർത്തി ഓസ്‌ട്രേലിയ  പാത്തും നിസങ്ക  ICC T20 WORLD CUP MATCH REPORT  Australia won against Sri Lanka
T20 WORLD CUP 2022 | ശ്രീലങ്കയെ തല്ലിച്ചതച്ച് സ്റ്റോയിനിസ്; ഓസ്‌ട്രേലിയക്ക് അനായാസ ജയം

By

Published : Oct 25, 2022, 9:09 PM IST

പെർത്ത്: ടി20 ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ശ്രീലങ്കയുടെ 158 റണ്‍സ് വിജയ ലക്ഷ്യം 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ഓസീസ് മറികടക്കുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തി 18 പന്തുകളിൽ നിന്ന് നാല് ഫോറും ആറ് സിക്‌സും ഉൾപ്പെടെ 59 റണ്‍സ് നേടിയ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസാണ് ഓസീസിന് വേഗമേറിയ വിജയം സമ്മാനിച്ചത്.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഓപ്പണറായ പാത്തും നിസങ്കയുടേയും(40) ചരിത് അസലങ്കയുടേയും(38) ബാറ്റിങ് മികവിലാണ് മോശമല്ലാത്ത സ്‌കോർ കണ്ടെത്തിയത്. ഓസീസ് ബോളർമാർ വരിഞ്ഞുമുറുക്കിയ മത്സരത്തിൽ വളരെ പതുക്കെയാണ് ശ്രീലങ്ക സ്‌കോർ ഉയർത്തിയത്. ഇതിനിടെ രണ്ടാം ഓവറിൽ തന്നെ കുശാൽ മെൻഡിസിനെ(5) നഷ്‌ടമായി.

തുടർന്നിറങ്ങിയ ധനഞ്ജയ ഡി സിൽവ(26) മോശമല്ലാത്ത സംഭാവന നൽകി മടങ്ങി. പിന്നാലെ ഭാനുക രാജപക്‌സ(7), ദസുൻ ഷനക(3), വനിന്ദു ഹസരംഗ(1) എന്നിവർ വളരെ പെട്ടന്ന് തന്നെ കൂടാരം കയറി. ചാമിക കരുണരത്‌നെ(14) പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി ജോഷ്‌ ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഷ്‌ടണ്‍ അഗർ, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് അഞ്ചാം ഓവറിൽ തന്നെ ഡേവിഡ് വാർണറെ(11) നഷ്‌ടപ്പെട്ടു. തുടർന്നിറങ്ങിയ മിച്ചൽ മാർഷ്(18) അധികം വൈകാതെ കൂടാരെ കയറി. പിന്നാലെ വന്ന ഗ്ലെൻ മാക്‌സ്‌വെൽ(23) തകർപ്പൻ ഷോട്ടുകളുമായി സ്‌കോർ വേഗത്തിലാക്കി. 12-ാം ഓവറിൽ മാക്‌സ്‌വെൽ പുറത്തായതോടെയാണ് മത്സരം ശ്രീലങ്കയുടെ കൈവിട്ട് പോയത്.

മാക്‌സ്‌വെല്ലിന് പിന്നാലെയെത്തിയ സ്റ്റോയിനിസ് ലങ്കൻ ബോളർമാരെ ഒരു ദയയും കൂടാതെ തല്ലിച്ചതച്ചു. ഒരുവശത്ത് ആരോണ്‍ ഫിഞ്ച്(31) നിലയുറപ്പിച്ച് കളിച്ചപ്പോൾ സ്റ്റോയിനിസ് ലങ്കൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കായി ധനഞ്ജയ്‌ ഡി സിൽവ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷ്‌ണ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ആദ്യമത്സരത്തിൽ ന്യൂസിലാൻഡിനെതിരെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് സെമി സാധ്യതകൾ നിലനിർത്താൻ ശ്രീലങ്കയ്‌ക്കെതിരെ ജയത്തോടൊപ്പം മികച്ച നെറ്റ് റണ്‍റേറ്റും ആവശ്യമായിരുന്നു. വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഓസ്‌ട്രേലിയ പട്ടികയിൽ നാലാം സ്ഥാനത്തേക്കെത്തി. മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിൽ ശ്രീലങ്ക മൂന്നാം സ്ഥാനത്ത് തുടരുന്നു.

ABOUT THE AUTHOR

...view details