അബുദബി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ നമീബിയക്ക് ജയം. ആദ്യം ബാറ്റ് ചെയ്‌ത സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 110 റണ്‍സിന്‍റെ വിജയ ലക്ഷ്യം അറ് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് നമീബിയ മറികടന്നത്. സ്‌കോര്‍: സ്‌കോട്‌ലന്‍ഡ്- 109/ 8 (20). നമീബിയ- 115/6 (19.1).
ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് നമീബിയ ജയം പിടിച്ചത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ടീമിനായി ഓപ്പണര്‍മാരായ ക്രെയ്ഗ് വില്യംസും(23), മൈക്കല്‍ വാന്‍ ലിംഗനും(18) നല്ല തുടക്കം നല്‍കിയെങ്കിലും വിജയം അനായാസമായിരുന്നില്ല. 26 റണ്‍സ് മാത്രമാണ് ഓപ്പണിങ് സഖ്യം ആദ്യ അഞ്ചോവറില്‍ കണ്ടെത്തിയത്.
ആറാം ഓവറില്‍ ലിംഗനെ പുറത്താക്കി ഷരീഫാണ് സ്‌കോട്‌ലന്‍ഡിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്നെത്തി സെയ്ന്‍ ഗ്രീനുമൊത്ത് (9) വില്യംസ് നമീബിയയെ 50ല്‍ എത്തിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസിന് പിന്നാലെ(4), വില്യംസും ഡേവിഡ് വീസും(16) തിരിച്ച് കയറിയതോടെ നമീബിയ പ്രതിരോധത്തിലായി.