ഷാർജ :ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയക്ക് വിജയം. ദക്ഷിണാഫ്രിക്കയുടെ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. ബോളർമാർ പിടിമുറുക്കിയ മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്‍റെയും മാർക്കസ് സ്റ്റോയിൻസിന്‍റെയും മികവിലാണ് ഓസീസ് ലക്ഷ്യം കണ്ടത്.
ദക്ഷിണാഫ്രിക്കയുടെ ചെറിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ആരോണ്‍ ഫിഞ്ചിനെ മടക്കി ആൻറിച്ച് നോർട്യ ഓസ്ട്രേലിയക്ക് ആദ്യ പ്രഹരം നൽകി. പിന്നാലെ 14 റണ്‍സെടുത്ത ഡേവിഡ് വാർണറും പുറത്തായി.
തുടർന്നെത്തിയ മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തും സ്കോർ മെല്ലെ ഉയർത്തിയെങ്കിലും ടീം സ്കോർ 38ൽ വെച്ച് മാർഷിനെ നഷ്‌ടമായി. 11 റണ്‍സ് നേടിയ താരത്തെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു. എന്നാൽ സ്മിത്ത് ഒരു വശത്ത് വിക്കറ്റ് നഷ്ടപ്പെടാതെ നിലയുറപ്പിച്ച് നിന്നു. പിന്നാലെ മാക്‌സ് വെല്ലും സ്മിത്തും ചേർന്ന് സ്കോർ ഉയർത്തി.
ടീ സ്കോർ 80ൽ വെച്ച് സ്മിത്തിനെ ഓസ്ട്രേലിയക്ക് നഷ്‌ടമായി. 35 റണ്‍സ് നേടിയ താരം നേർട്യജിന്‍റെ പന്തിൽ ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ മാക്‌സ് വെല്ലിനെ ഷംസി പുറത്താക്കി. ഇതോടെ ടീം 15 ഓവറിൽ 81/5 എന്ന നിലയിലായി.
എന്നാൽ പിന്നീട് ഒന്നിച്ച മാർക്കസ് സ്റ്റോയിൻസും (16പന്തിൽ 24) മാത്യു വെയ്‌ഡും (10 പന്തിൽ 15) ചേർന്ന് ടീമിനെ വിജയ തീരത്തേക്ക് അടുപ്പിച്ചു. സൗത്ത് ആഫ്രിക്കക്കായി ആൻറിച്ച് നോർട്യ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കാസിഗോ റബാഡ, കേശവ് മഹാരാജ്, തബ്‌രാസി ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.