വിശാഖപട്ടണം : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷമുള്ള ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്നാണ് ഇറങ്ങുന്നത്. ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ടീം ഇന്ത്യയെ കരയിപ്പിച്ച ഓസ്‌ട്രേലിയ തന്നെയാണ് ഇവിടെയും എതിരാളികള്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ ഓസീസിനെതിരെ കളിക്കുന്നത് (India vs Australia T20I Series).
വിശാഖപട്ടണത്താണ് പരമ്പരയിലെ ഒന്നാം ടി20. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലുള്ള യുവനിരയാണ് പരമ്പരയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ നായകനായി സൂര്യകുമാര്‍ യാദവ് കളിക്കാനെത്തുന്ന ആദ്യ പരമ്പര കൂടിയാണ് ഇത്.
നായകനായുള്ള അരങ്ങേറ്റത്തില്‍ അത്ര ഊഷ്‌മളമായ സ്വീകരണമല്ല സൂര്യകുമാര്‍ യാദവിന് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യ്‌ക്ക് മുന്‍പായി വിശാഖപട്ടണത്ത് സൂര്യകുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുക്കാനെത്തിയത്.
ലോകകപ്പിനിടെ 200ലധികം പേരായിരുന്നു ഓരോ മത്സരങ്ങളിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. ഇതിന്‍റെ സ്ഥാനത്താണ് സൂര്യകുമാര്‍ യാദവിന്‍റെ ആദ്യ പ്രസ് മീറ്റില്‍ ആവശ്യത്തിന് ആളില്ലാതെ വന്നത്. മുതിര്‍ന്ന ക്രിക്കറ്റ് ജേണലിസ്റ്റായ വിമല്‍ കുമാര്‍ ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവയ്ക്കുകയും ചെയ്‌തു.