വിശാഖപട്ടണം:ടി20 ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായി വാഴ്ത്തപ്പെടുന്ന താരമാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. പക്ഷെ ഏകദിന ഫോര്‍മാറ്റില്‍ കാര്യമായ പ്രകടനം നടത്താന്‍ 32കാരനായ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായാണ് താരം പുറത്തായത്.
ഏറെക്കുറെ സാമാനമായ രീതിയില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ട് തവണയും സൂര്യയ്‌ക്ക് പുറത്തേക്കുള്ള വഴികാട്ടിയത്. ഇതിന് പിന്നാലെ ഏകദിനത്തിലെ സൂര്യയുടെ ഫോം ആരാധകർക്കും വിദഗ്ധർക്കും ഇടയില്‍ വലിയ ചര്‍ച്ച വിഷയമായും മാറി. ഇന്ത്യയുടെ ഏകദിന ടീമില്‍ സൂര്യയുടെ സ്ഥാനം പരിശോധിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഇക്കൂട്ടരില്‍ ചിലര്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഇന്ത്യയുടെ ഏകദിന ടീമില്‍ സൂര്യയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടേണ്ടതില്ലെന്നാണ് കാര്‍ത്തിക് വിശ്വസിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നിലാണ് സൂര്യകുമാര്‍ വീണതെന്നും ക്രീസിലെത്തുമ്പോള്‍ തന്നെ സ്റ്റാര്‍ക്കിനെപ്പോലെ ഒരു താരത്തെ നേരിടുന്നത് പ്രയാസകരമാണെന്നുമാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്.
"ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടന്ന രണ്ട് ഏകദിനങ്ങളിലും സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് സങ്കടകരമായ കാര്യമാണ്. അവന്‍ തന്‍റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് നിരവധി ആളുകള്‍ പറയാന്‍ തുടങ്ങിയെന്ന് എനിക്ക് ഉറപ്പാണ്. ആദ്യ പന്തില്‍ പുറത്താവുക എന്നത് അര്‍ഥമാക്കുന്നത് നിങ്ങള്‍ക്ക് സെറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ്. എതൊരു താരത്തിനും സംഭവിക്കാവുന്ന കാര്യമാണിത്". കാര്‍ത്തിക് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.