ബെംഗളൂരു:സൂപ്പര്‍ താരം സൂര്യയുമാര്‍ യാദവിനെ ഉള്‍പ്പെടുത്താതെയാണ് അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസി സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കവെ കണങ്കാലിന് പരിക്കേറ്റതോടെയാണ് താരത്തെ പുറത്തിരുത്തിയത്. (Suryakumar Yadav Injury ). അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയ്‌ക്ക് പിന്നാലെ ഐപിഎല്ലും ടി20 ലോകകപ്പും നടക്കാനിരിക്കെ സൂര്യയുടെ ഈ പരിക്കില്‍ ആരാധകരില്‍ ആശങ്ക കനപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റരായ സൂര്യകുമാര്‍ യാദവിന് സ്‌പോര്‍ട്‌സ് ഹെര്‍ണിയ സ്ഥിരീകരിച്ചു. ( അടിവയറ്റിലെയോ ഞരമ്പിലെയോ പേശികൾക്കുണ്ടാകുന്ന പരിക്കാണ് വിട്ടുമാറാത്ത വേദനയ്ക്ക് (സ്‌പോര്‍ട്‌സ് ഹെര്‍ണിയ) കാരണമാകുന്നത്. ഫിസിക്കൽ തെറാപ്പി, മരുന്നുകൾ കൂടാതെ/അല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ചികിത്സിച്ച് ഭേദമാക്കാം). ഇതു ഭേദമാക്കാന്‍ ശസ്‌ത്രക്രിയയ്‌ക്കായി 33-കാരനെ വിദേശത്തേക്ക് അയക്കുമെന്നാണ് വിവരം. (Suryakumar Yadav to Undergo surgery) നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സൂര്യയെ ശസ്‌ത്രക്രിയയ്‌ക്കായി ജര്‍മനിയിലെ മ്യൂണിക്കിലേക്കാണ് ബിസിസിഐ അയയ്‌ക്കുന്നത്.
ശസ്‌ത്രക്രിയയ്‌ക്ക് ശേഷം താരത്തിന് പരിശീലനത്തിന് തിരികെ എത്താന്‍ എട്ട് മുതല്‍ ഒമ്പത് വരെ ആഴ്ചകള്‍ വേണ്ടി വന്നേക്കാം. ഇക്കാരണത്താല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ കുറച്ച് മത്സരങ്ങളില്‍ സൂര്യ പുറത്തിരിക്കാനും സാധ്യതയുണ്ട്. ഏപ്രില്‍ - മെയ് മാസങ്ങളില്‍ അരങ്ങേറുന്ന ഐപിഎല്ലിന് തൊട്ടുപിന്നാലെ ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്.
ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്‍റെ നാല് ഭാഗത്തേക്കും പന്തടിച്ച് റണ്‍സ് വാരിക്കൂട്ടി മത്സരം ഒറ്റയ്‌ക്ക് വിജയിപ്പിക്കാനുള്ള താരത്തിന്‍റെ കഴിവില്‍ വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യയും ആരാധകരും വച്ചുപുലര്‍ത്തുന്നത്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.