മുംബൈ: 2020 ഓഗസ്റ്റ് 15നാണ് ഇന്ത്യന്‍ ബാറ്റര്‍ സുരേഷ് റെയ്‌ന അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. മുന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെയായിരുന്നു റെയ്‌നയുടെയും പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ ഇതിന് പിന്നിലെ കാരണവും ധോണിയുമായുള്ള ആത്മബന്ധത്തിന്‍റെ ആഴവും വ്യക്തമാക്കിയിരിക്കുകയാണ് റെയ്‌ന.
ആദ്യം ധോണിക്ക് വേണ്ടിയും പിന്നെയാണ് രാജ്യത്തിന് വേണ്ടി കളിച്ചതെന്നുമാണ് റെയ്‌ന പറയുന്നത്. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് സംസാരിക്കവെയാണ് റെയ്‌നയുടെ വാക്കുകള്‍. "ഞങ്ങള്‍ ഒന്നിച്ച് ഒരുപാട് മത്സരങ്ങൾ കളിച്ചു.
ഇന്ത്യയ്‌ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമായും അദ്ദേഹത്തോടൊപ്പം കളിക്കുന്നതില്‍ ഞാൻ ഭാഗ്യവാനായിരുന്നു. ഞങ്ങള്‍ ഒരുപാട് സ്നേഹം പങ്കിട്ടു. ഞാൻ ഗാസിയാബാദിൽ നിന്നും ധോണി റാഞ്ചിയിൽ നിന്നും വന്നതാണ്.
ഞാൻ എംഎസ് ധോണിക്ക് വേണ്ടി കളിച്ചു, പിന്നെ രാജ്യത്തിന് വേണ്ടി കളിച്ചു. അതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഞങ്ങൾ നിരവധി ഫൈനലുകൾ കളിച്ചു, ഞങ്ങള്‍ ലോകകപ്പ് നേടി. അദ്ദേഹം ഒരു മികച്ച നേതാവും ഒരു മികച്ച മനുഷ്യനുമാണ്", റെയ്‌ന വിശദീകരിച്ചു.