ട്രിനിഡാഡ് : ഫുട്‌ബോളിലെ ചുവപ്പ് കാര്‍ഡ് ക്രിക്കറ്റിലും. കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ Caribbean Premier League) ചരിത്രത്തിൽ ചുവപ്പ് കാർഡ് ഉപയോഗിച്ച് ശിക്ഷിക്കപ്പെടുന്ന ആദ്യ ടീമായി ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് (Trinbago Knight Riders). കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷയായി ലഭിക്കുന്ന ചുവപ്പ് കാര്‍ഡ് സെന്‍റ് കിറ്റ്സിനെതിരായ (St Kitts & Nevis Patriots) മത്സരത്തിലാണ് കിറോണ്‍ പൊള്ളാര്‍ഡ് (Kieron Pollard) നേതൃത്വം നല്‍കുന്ന ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് (Trinbago Knight Riders) ഏറ്റുവാങ്ങേണ്ടി വന്നത്.
ടീമിന്‍റെ വീഴ്‌ചയുടെ ഫലമായി അമ്പയര്‍ ചുവപ്പ് നല്‍കി ശിക്ഷിച്ചതോടെ സ്റ്റാര്‍ സ്‌പിന്നര്‍ സുനില്‍ നരെയ്‌നാണ് (Sunil Narine) ക്യാപ്റ്റന്‍റെ നിര്‍ദേശ പ്രകാരം മൈതാനത്തിന് പുറത്ത് പോകേണ്ടിവന്നത് (Sunil Narine Punished With Red Card). ഇതോടെ കരീബിയൻ പ്രീമിയർ ലീഗില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുന്ന ആദ്യ താരമായി നരെയ്‌ന്‍ മാറി. സെന്‍റ് കിറ്റ്സ് ഇന്നിങ്‌സിലെ 19-ാം ഓവര്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ എറിഞ്ഞ് തീര്‍ക്കാന്‍ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അമ്പയര്‍ ചുവപ്പ് പുറത്തെടുത്ത് ശിക്ഷ വിധിച്ചത്.
പുതിയ നിയമം :സിപിഎല്ലിലെ പുതിയ നിയമ പ്രകാരം 18-ാം ഓവർ നിശ്ചിത സമയത്ത് ആരംഭിക്കുന്നതിൽ പരാജയപ്പെട്ടാൽ ഒരു ടീമിന് 30-യാർഡ് സർക്കിളിന് പുറത്ത് പരമാവധി നാല് കളിക്കാരെ മാത്രമേ നിര്‍ത്താന്‍ കഴിയൂ. 19-ാം ഓവറിന്‍റെ തുടക്കത്തിൽ ഇത് സംഭവിക്കുകയാണെങ്കിൽ, പരമാവധി മൂന്ന് കളിക്കാരെ മാത്രമേ 30-യാർഡ് സര്‍ക്കിളിന് പുറത്ത് അനുവദിക്കൂ.
ഇത് 20-ാം ഓവറിലേക്ക് എത്തുമ്പോഴാണ് അമ്പയര്‍ ചുവപ്പ് പുറത്തെടുക്കുക. ചുവപ്പ് ലഭിച്ചാല്‍ എതുതാരത്തെ പുറത്താക്കണമെന്ന് ടീമിന്‍റെ ക്യാപ്റ്റന് തീരുമാനിക്കാം.പകരം ഫീല്‍ഡറെ ഇറക്കാനുമാവില്ല. ഇതോടെ 10 പേരായി ടീം ചുരുങ്ങുകയും ചെയ്യും. കൂടാതെ അവസാന ഓവറില്‍ വെറും രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ ബോളിങ് ടീമിന് 30-യാർഡ് സര്‍ക്കിളിന് പുറത്ത് നിര്‍ത്താന്‍ കഴിയൂ.