ന്യൂഡൽഹി : ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളിലും തോൽവിയോടെ പരമ്പര കൈവിടുകയായിരുന്നു. ഇപ്പോൾ മത്സരത്തിലെ പരാജയം ഐപിഎല്ലിന്‍റെ ആരവങ്ങളിൽ മറക്കരുത് എന്ന ഓർമപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ സുനിൽ ഗവാസ്‌കർ.
'ഐപിഎൽ ആരംഭിക്കാൻ പോകുകയാണ്. എന്നാൽ അതിനിടയിൽ ഇപ്പോഴത്തെ തോൽവി മറക്കരുത്. ഇന്ത്യ പലപ്പോഴും തോൽവിയെ മറക്കുന്ന തെറ്റ് ആവർത്തിക്കുന്നുണ്ട്. പക്ഷേ അത് പാടില്ല. കാരണം അടുത്ത ഏകദിന ലോകകപ്പിൽ നമ്മൾ ഓസ്‌ട്രേലിയയെ നേരിടേണ്ടതായി വരും' - സുനിൽ ഗവാസ്‌കർ പറഞ്ഞു.
'മൂന്നാം ഏകദിനത്തിലെ തോൽവിക്ക് പ്രധാന കാരണം ഓസ്‌ട്രേലിയ സൃഷ്‌ടിച്ച സമ്മർദ്ദമാണ്. ബൗണ്ടറികൾ നേടാനാകാതെ, എന്തിനേറെ ഇന്ത്യൻ താരങ്ങളെ സിംഗിൾസ് നേടാൻ പോലും അനുവദിക്കാതെയാണ് അവർ കളിച്ചത്. ഇങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ ഇതുവരെ കളിച്ചിട്ടില്ലാത്ത രീതിയിൽ കളിക്കേണ്ടതായി വരും' - ഗവാസ്‌കർ പറഞ്ഞു.
'നിങ്ങൾ 270 അല്ലെങ്കിൽ 300 വരെയുള്ള സ്കോറുകൾ പിന്തുടരുമ്പോൾ 90-100 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. അത് നിങ്ങളെ വിജയത്തിലേക്ക് കൂടുതൽ അടുപ്പിക്കും. പക്ഷേ ഈ പരമ്പരയിൽ അത് സംഭവിച്ചില്ല. രാഹുലും കോലിയും തമ്മിൽ ഉണ്ടായത് പോലെ ഒന്ന് രണ്ട് മികച്ച കൂട്ടുകെട്ടുകൾ പരമ്പരയിൽ ഉണ്ടായിരുന്നു.
എന്നാൽ അതുപോലുള്ള കൂടുതൽ കൂട്ടുകെട്ടുകൾ ഉണ്ടാക്കേണ്ടത് ആവശ്യമായിരുന്നു. ഓസ്‌ട്രേലിയയുടെ ഫീൽഡിങ് മികച്ചതായിരുന്നു. അവരുടെ ബോളിങ് മികച്ചതായിരുന്നു. ഇന്ത്യയെ പിടിച്ചുകെട്ടുന്ന തരത്തിൽ സ്റ്റംപ് ടു സ്റ്റംപ് രീതിയിലാണ് അവർ ബോൾ ചെയ്‌തത്. ബോളിങ്ങിനേക്കാളേറെ അവരുടെ ഫീൽഡിങ് മികച്ചതായിരുന്നു. അതായിരുന്നു ഇന്ത്യയും ഓസീസും തമ്മിലുള്ള വ്യത്യാസം' - ഗവാസ്‌കർ കൂട്ടിച്ചേർത്തു.