മുംബൈ:ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുമ്പോഴും സര്‍ഫറാസ് ഖാന് മുന്നില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വാതില്‍ തുറക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ആരാധകരും മുന്‍ താരങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ സര്‍ഫറാസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മിന്നും ഫോം തുടരുമ്പോഴും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താത്തത് സർഫറാസിന്‍റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണെന്ന് സംസാരമുണ്ട്. വിഷയത്തില്‍ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.
തടി ഇല്ലാത്ത മെലിഞ്ഞ കളിക്കാരെ മാത്രമേ ടീമിലെടുക്കൂവെങ്കില്‍ ഫാഷൻ ഷോയിൽ നിന്നും മോഡലുകളെ കണ്ടെത്തുന്നതാണ് ഉചിതമെന്ന് ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "അണ്‍ ഫിറ്റാണെങ്കില്‍ നിങ്ങള്‍ക്ക് സെഞ്ച്വറികള്‍ നേടാന്‍ കഴിയില്ല. ക്രിക്കറ്റില്‍ ഫിറ്റ്‌നസ് പ്രധാനം തന്നെയാണ്.
ഫിറ്റ്‌നസ് തെളിയിക്കുന്നതിനായി നിങ്ങൾ യോ-യോ ടെസ്റ്റോ മറ്റെന്തെങ്കിലുമോ നടത്തുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷേ യോ-യോ ടെസ്റ്റ് മാത്രം മാനദണ്ഡമാക്കാൻ കഴിയില്ല. ഒരു ക്രിക്കറ്റര്‍ കളിക്കാന്‍ യോഗ്യനാണെന്ന് നിങ്ങൾ ഉറപ്പാക്കണം.
അതാരായിരുന്നാലും ക്രിക്കറ്റ് കളിക്കാനും റണ്‍സ് നേടാനും ഫിറ്റ്‌നസുണ്ടെങ്കില്‍ മറ്റു കാര്യങ്ങള്‍ നോക്കേണ്ടതില്ല", ഗവാസ്‌കര്‍ പറഞ്ഞു.
സര്‍ഫറാസ് ഫിറ്റാണ്:"ഗ്രൗണ്ടിലിറങ്ങി കളിച്ചാണ് അവന്‍ സെഞ്ച്വറികള്‍ നേടുന്നത്. സര്‍ഫറാസ് ഫിറ്റാണെന്ന് അവന്‍റെ പ്രകടനം വ്യക്തമാക്കുന്നതാണ്. തടി ഇല്ലാത്ത മെലിഞ്ഞ കളിക്കാരെയാണ് തെരയുന്നതെങ്കിൽ, ഒരു ഫാഷൻ ഷോയിൽ പോയി ചില മോഡലുകളെ തെരഞ്ഞെടുത്ത് അവരുടെ കൈയിൽ ഒരു ബാറ്റും പന്തും കൊടുത്ത് ടീമിലുള്‍പ്പെടുത്താം.