കേരളം

kerala

ETV Bharat / sports

'ഐപിഎല്ലില്‍ 3 ഫൈനല്‍ വേണമെന്ന് പറയുമോ, ഇന്ന് മൂന്നെങ്കില്‍ നാളെ അഞ്ചാക്കും' ; രോഹിത്തിനെതിരെ സുനില്‍ ഗവാസ്‌കര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മൂന്ന് മത്സര പരമ്പരയാക്കി നടത്തണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ദേശത്തിനെതിരെ സുനില്‍ ഗവാസ്‌കര്‍

Sunil Gavaskar on Rohit Sharma  Sunil Gavaskar  Rohit Sharma  Rohit Sharma on WTC Final  world test championship  രോഹിത്തിനെതിരെ സുനില്‍ ഗവാസ്‌കര്‍  സുനില്‍ ഗവാസ്‌കര്‍  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  രോഹിത് ശര്‍മ
രോഹിത്തിനെതിരെ സുനില്‍ ഗവാസ്‌കര്‍

By

Published : Jun 12, 2023, 7:56 PM IST

ഓവല്‍ : ഓസീസിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മൂന്ന് മത്സര പരമ്പരയാക്കി (ബെസ്റ്റ് ഓഫ്‌ ത്രീ) നടത്തണമെന്ന നിര്‍ദേശം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നോട്ടുവച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു രോഹിത്തിന്‍റെ പരാമര്‍ശം.

രണ്ടുവര്‍ഷം കഠിനാധ്വാനം ചെയ്താണ് ഞങ്ങള്‍ ഫൈനലില്‍ എത്തുന്നത്. എന്നാല്‍ ഒരു മത്സരത്തിലെ തോല്‍വിയില്‍ ചാമ്പ്യന്‍ഷിപ്പ് കൈവിടേണ്ടിവരികയെന്നത് ഏറെ ദുഃഖകരമാണ്. ഇതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ അടുത്ത പതിപ്പിന്‍റെ ഫൈനല്‍ മൂന്ന് മത്സര പരമ്പരയാക്കി നടത്തുന്നതിന് അനുയോജ്യമാണെന്നാണ് താന്‍ കരുതുന്നത് എന്നായിരുന്നു രോഹിത് പറഞ്ഞത്.

രോഹിത്തിന്‍റെ ഈ നിര്‍ദേശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഗവാസ്‌കറിന്‍റെ വാക്കുകള്‍ ഇങ്ങനെ - "ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എങ്ങനെയാണ് നടത്തുകയെന്നതൊക്കെ നേരത്ത തന്നെ തീരുമാനിച്ചിട്ടുള്ള കാര്യങ്ങളാണ്. ഓരോ പതിപ്പിലേയും ആദ്യ മത്സരത്തിനിറങ്ങും മുമ്പ് തന്നെ ഒരു ഫൈനല്‍ മാത്രമാണുള്ളതെന്ന് നിങ്ങൾക്കറിയാം.

അതിനാൽ, ഐ‌പി‌എല്ലിനെന്നത് പോലെ നിങ്ങൾ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. ഐപിഎല്ലില്‍ മൂന്ന് ഫൈനലുകള്‍ നടത്തണമെന്ന് നിങ്ങള്‍ അവശ്യപ്പെടില്ല. എല്ലാവർക്കും ഒന്നോ രണ്ടോ മോശം ദിവസമുണ്ടാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എങ്ങനെയാണെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണയുള്ളതാണ്.

അതിനാൽ, മൂന്ന് മത്സര പരമ്പര ആവശ്യപ്പെടാന്‍ കഴിയില്ല. ഇന്ന് മൂന്ന് മത്സരങ്ങള്‍ എന്നാണ് പറയുന്നത്. നാളെ അത് നിങ്ങള്‍ അഞ്ചാക്കിയേക്കും" - ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് ട്രാവിസ് ഹെഡ്, സ്‌റ്റീവ് സ്‌മിത്ത് എന്നിവരുടെ സെഞ്ചുറി പ്രകടനത്തിന്‍റെ മികവില്‍ 469 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ ഇന്ത്യയെ 296 റണ്‍സില്‍ ഏറിഞ്ഞൊതുക്കിയതോടെ 173 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാനും സംഘത്തിന് കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ എട്ടിന് 270 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസീസ് 444 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യമായിരുന്നു ഇന്ത്യയ്‌ക്ക് മുന്നില്‍ ഉയര്‍ത്തിയത്. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യ മത്സരത്തിന്‍റെ അഞ്ചാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ 234 റണ്‍സില്‍ പുറത്താവുകയായിരുന്നു.

ALSO RAED: WTC Final | 'ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബാബര്‍ അസമില്‍ നിന്നും പഠിക്കണം' ; നിര്‍ദേശവുമായി നാസർ ഹുസൈൻ

മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍ സംസാരിക്കവെ സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് എന്നിവര്‍ക്കെതിരെയുള്ള ബോളര്‍മാരുടെ പദ്ധതികള്‍ ഫലവത്താവാതിരുന്നതാണ് മത്സരത്തില്‍ വഴിത്തിരിവായി മാറിയതെന്ന് രോഹിത് പറഞ്ഞിരുന്നു. തോല്‍വി ഏറെ നിരാശ നല്‍കുന്നതാണ്. എന്നാല്‍ കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തല ഉയര്‍ത്തിപ്പിടിച്ച് തന്നെ തങ്ങള്‍ അടുത്ത ചാമ്പ്യന്‍ഷിപ്പിനായി പോരാടുമെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details