മുംബൈ: തായ്‌ലൻഡിൽ നടക്കുന്ന കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിനില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ടൂര്‍ണമെന്‍റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് സുനില്‍ ഛേത്രി മുഖ്യ പരിശീലകന്‍ ഇഗോർ സ്റ്റിമാക്കിനോട് അഭ്യർഥിച്ചു. സെപ്റ്റംബർ ഏഴ് മുതൽ സെപ്റ്റംബർ 10 വരെയാണ് തായ്‌ലൻഡിൽ കിങ്സ് കപ്പ് നടക്കുന്നത്.
ഭാര്യ സോനം ഭട്ടാചാര്യയുടെ പ്രസവ തിയതിയും ഇതിനോട് അടുത്ത് വന്നതിനാലാണ് ഛേത്രി അവധി ആവശ്യപ്പെട്ടത്. "ഞാൻ ഒരു അച്ഛനാവാനുള്ള കാത്തിരിപ്പിലാണ്. കിങ്സ് കപ്പിന്‍റെ തിയതി സോനത്തിന്‍റെ ഡെലിവറി തിയതിയോട് വളരെ അടുത്തതാണ്. അതിനാലാണ് ഞാന്‍ ടീമില്‍ നിന്നും മാറി നില്‍ക്കുന്നത് " - സുനില്‍ ഛേത്രി വ്യക്തമാക്കി.
നേരത്തെ ജൂണില്‍ ഇന്‍റർ കോണ്ടിനന്‍റൽ കപ്പില്‍ വനൗതുവിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തുന്നതായി ഛേത്രി ആരാധകരെ അറിയിച്ചിരുന്നു. മത്സരത്തിലെ ഇന്ത്യയുടെ വിജയ ഗോള്‍ ഭാര്യ സോനം ഭട്ടാചാര്യയ്‌ക്ക് ഛേത്രി സമര്‍പ്പിച്ചിരുന്നു. ഏറെ സ്‌പെഷ്യലായ രീതിയിലായിരുന്നു ഇത്. ഗോളിന് ശേഷം പന്ത് തന്‍റെ ജഴ്‌സിക്കുള്ളില്‍ വച്ചതിന് ശേഷം ഗ്യാലറിയിലുണ്ടായ സോനത്തിന് ഇരുകൈകള്‍ കൊണ്ടും ഫ്ലൈയിങ് കിസ് നല്‍കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ചെയ്‌തത്.
തുടര്‍ന്ന് മത്സര ശേഷമുള്ള അവതരണ ചടങ്ങിലായിരുന്നു തന്‍റെ ആഘോഷത്തിന് പിന്നിലെ കാരണം ഛേത്രി തുറന്ന് പറഞ്ഞത്. "ഞാനും സോനവും അതു പ്രതീക്ഷിക്കുന്നു. ഈ വിധം തന്നെയാണ് ഇതു നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചത്. പഴയ ഫുട്‌ബോള്‍ താരങ്ങളുടെ ഒരു ആഘോഷ രീതിയാണിത്. ഇപ്പോള്‍ എനിക്കും അതുതന്നെ ചെയ്യേണ്ടിവന്നു. ഞങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ആശംസകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു" - എന്നായിരുന്നു സുനില്‍ ഛേത്രിയുടെ വാക്കുകള്‍.
നിലവില്‍ വമ്പന്‍ കുതിപ്പാണ് ഛേത്രിയും സംഘവും അന്താരാഷ്‌ട്ര തലത്തില്‍ നടത്തുന്നത്. ഈ വര്‍ഷം തുടര്‍ച്ചയായ മൂന്ന് കിരീടങ്ങള്‍ ബ്ലൂ ടൈഗേഴ്‌സ് നേടിയെടുത്തിരുന്നു. ത്രിരാഷ്‌ട്ര ടൂര്‍ണമെന്‍റ് വിജയിച്ചതിന് പിന്നാലെ ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ്, സാഫ് കപ്പ് എന്നിവയായിരുന്നു ഇന്ത്യ നേടിയത്. ഫിഫ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ടീമുകളെ ഉള്‍പ്പെടെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിലും സാഫ് കപ്പിലും ഛേത്രിപ്പടയുടെ മുന്നേറ്റം.
അതേസമയം സെപ്‌റ്റംബര്‍ - ഒക്‌ടോബര്‍ മാസങ്ങളിലായി ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഛേത്രി ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആണ്ടര്‍ 23 വിഭാഗത്തിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നതെങ്കിലും മൂന്ന് താരങ്ങള്‍ക്ക് വയസിന് ഇളവ് ലഭിക്കും. ഈ സ്ഥാനത്തേക്ക് സുനില്‍ ഛേത്രിയെക്കൂടാതെ പ്രതിരോധതാരം സന്ദേശ് ജിങ്കന്‍, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു എന്നിവരെയാണ് പരിഗണിച്ചിരിക്കുന്നത്. കിങ്‌സ് കപ്പിന് പിന്നാലെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി പറക്കുന്നത്.
അതേസമയം ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ടിലുള്ള ടീമുകളെ മാത്രം അയച്ചാല്‍ മതിയെന്ന് നേരത്തെ കേന്ദ്ര കായിക മന്ത്രാലയം നിലപാട് എടുത്തതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യാഡില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ പങ്കാളിത്തം അനിശ്ചിതത്തതിലായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റേയും പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെയും ഇടപെടലുകളും കണക്കിലെടുത്ത് യോഗ്യത മാനദണ്ഡത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
ALSO READ: Messi gets 2 Goals | യുഎസില്‍ മെസിയുടെ ഗോള്‍വേട്ട, ഒര്‍ലാന്‍ഡോക്കെതിരെ ഇരട്ടഗോള്‍ ; ഇന്‍റര്‍ മയാമി ലീഗ്‌സ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍