പ്രഥമ ടി20 ലോകകപ്പിലെ ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടത്തെ ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. അതിനുള്ള കാരണം, യുവരാജ് സിങ്ങാണ്. ഇംഗ്ലീഷ് നായകന്‍ ആന്‍ഡ്ര്യൂ ഫ്ലിന്‍റോഫുമായി ഉടക്കിയ ശേഷം ഡര്‍ബനില്‍ ഇന്ത്യയുടെ ആ ചുറുചുറുക്കുള്ള ഇടംകയ്യന്‍ ബാറ്റര്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ പതറിപ്പോയത് സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന 21കാരനായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ, മത്സരത്തിലെ 19-ാം ഓവറില്‍ യുവരാജ് സിങ് ഗാലറിയിലേക്ക് പറത്തിയത് എണ്ണം പറഞ്ഞ ആറ് സിക്‌സറുകളാണ്.
ഗാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ അതുകണ്ട് ആഘോഷ തിമിര്‍പ്പില്‍ ആറാടിയപ്പോള്‍ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായിട്ടായിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന ആ പയ്യന്‍ മൈതാനത്ത് നിന്നിരുന്നത്. അന്ന്, നിറകണ്ണുകളുമായി ഡര്‍ബനിലെ സ്റ്റേഡിയത്തില്‍ നിന്ന അയാള്‍ പിന്നീട് എതിരെ വന്ന ബാറ്റര്‍മാരെ ഓരോരുത്തരെയും കരയിപ്പിച്ചു. എതിരാളികളെ ഓരോന്നോരോന്നായി എറിഞ്ഞിട്ട, ആ സ്വര്‍ണമുടിക്കാരന്‍ അവിടുന്ന് അങ്ങോട്ടേക്ക് നടത്തിയ യാത്ര അയാളെ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാക്കി മാറ്റി.അങ്ങനെ, തിരിച്ചടികളില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കിയ കരിയര്‍ അയാള്‍ ഇപ്പോള്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന ഇതിഹാസം ക്രിക്കറ്റ് ലോകത്തോട് വിടപറയാന്‍ ഒരുങ്ങുന്നു.
കളിമൈതാനം വിടുന്ന കാര്യം ആഷസ് പരമ്പരയിലെ അവസാന മത്സരത്തിന്‍റെ മൂന്നാം ദിനത്തിലാണ് ബ്രോഡ് പ്രഖ്യാപിച്ചത്. ആരുംതന്നെ പ്രതീക്ഷിക്കാത്ത സമയത്താണ് ബ്രോഡിന്‍റെ പ്രഖ്യാപനം. വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ അയാള്‍ പറഞ്ഞതിങ്ങനെ, 'ആഷസ് ക്രിക്കറ്റിനെ ഞാന്‍ പ്രണയിക്കുന്നു, അവസാനമായി ഞാന്‍ പന്തെറിയാനും ബാറ്റ് ചെയ്യാനും ആഗ്രഹിക്കുന്നതും ഇവിടെയാണ്' - ബ്രോഡിന്‍റെ ഈ വാക്കുകളില്‍ നിന്നുതന്നെ വ്യക്തമാണ്, ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോര്‍മാറ്റിനെ അയാള്‍ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നത്.
പാകിസ്ഥാനെതിരെ ടി20യിലൂടെ അന്താരാഷ്‌ട്ര മത്സര ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ 20 വയസ് മാത്രമായിരുന്നു മുന്‍ ഇംഗ്ലീഷ് താരം ക്രിസ് ബോര്‍ഡിന്‍റെ മകനായ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പ്രായം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട് വിക്കറ്റ് നേടി ആ പയ്യന്‍ ഏവരെയും വിസ്‌മയിപ്പിച്ചു. പിന്നാലെ, രണ്ട് ദിവസങ്ങള്‍ക്കിപ്പുറം അതേ എതിരാളികള്‍ക്കെതിരെ തന്നെ ഏകദിന ക്രിക്കറ്റിലും ബ്രോഡ് ഇംഗ്ലീഷ് കുപ്പായം അണിഞ്ഞു. മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ഈ മത്സരത്തില്‍ മൂന്ന് ഓവര്‍ മാത്രമേ എറിഞ്ഞുള്ളൂവെങ്കിലും ബ്രോഡിന് ഒരു വിക്കറ്റ് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു.
പിന്നീട്, ഇംഗ്ലണ്ടിന്‍റെ ഏകദിന - ടി20 മത്സരങ്ങളിലെല്ലാം അയാള്‍ സ്ഥിര സാന്നിധ്യമായി. ടി20 ലോകകപ്പില്‍ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ വഴങ്ങിയ ആ പയ്യന്‍ പിന്നീട് ഇംഗ്ലീഷ് കുപ്പായമണിയില്ലെന്ന് ഏവരും കരുതി. എന്നാല്‍, അതേവര്‍ഷം ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡില്‍ ആ ചെറുപ്പക്കാരനും ഇടം പിടിച്ചു.