എഡ്‌ജ്ബാസ്റ്റണ്‍: 2007ലെ ആദ്യ ട്വന്‍റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറിൽ ആറ് സിക്‌സറുകൾ പറത്തിയ യുവരാജ് സിങ്. അന്ന് യുവതാരമായ ബ്രോഡാണ് യുവരാജിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞതെങ്കിൽ ഇന്ന് ഇംഗ്ലണ്ടിന്‍റെ സീനിയര്‍ ടീമിലെ പരിചയസമ്പന്നനായ ബോളറായ സാഹചര്യത്തിലാണ് ബ്രോഡ്, ജസ്പ്രീത് ബുമ്രയുടെ ബാറ്റിങ് കരുത്തിന് മുന്നിൽ നിഷ്‌പ്രഭനായത്. ബ്രോഡിന്‍റെ ഒരോവറില്‍ 35 റണ്‍സ് അടിച്ചെടുത്ത ബുമ്ര ടെസ്റ്റ് മത്സരത്തിലെ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് നേടിയത്.
2007ലെ ആദ്യ ട്വന്‍റി20 ലോകകപ്പിൽ ആന്‍ഡ്രൂ ഫ്ലിന്‍റോഫിന്‍റെ പ്രകോപനമാണ് ബ്രോഡിനെതിരെ തലങ്ങും വിലങ്ങും ആറ് സിക്‌സറുകൾ പറത്തുന്നതിലേക്ക് യുവിയെ നയിച്ചത്. ഇന്നത്തെ മത്സരത്തിൽ വളരെ സമാധാനമായി ബാറ്റ് വീശിയ ബുമ്രയാണ് ബ്രോഡിന് മറ്റൊരു നാണക്കേട് സമ്മാനിച്ചത്. ടെസ്റ്റില്‍ 550 വിക്കറ്റ് നേട്ടം തികക്കുന്ന മൂന്നാമത്തെ പേസറെ ചരിത്ര നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ തന്നെയാണ് ബ്രോഡിന് ഈ നാണക്കേടും സ്വന്തമായത്.