ദുബായ് :ഏഷ്യന്‍ വന്‍കരയിലെ ക്രിക്കറ്റിലെ രാജാക്കന്മാരായി ശ്രീലങ്ക. കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്താണ് ശ്രീലങ്ക ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയത്. ലങ്കന്‍പടയുടെ ആറാമത്തെ ഏഷ്യ കപ്പ് കിരീടനേട്ടമാണ്.
ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സാണ് നേടിയത്. 41 പന്തില്‍ പുറത്താവാതെ 75 റണ്‍സ് നേടിയ ഭാനുക രജപക്സെയാണ് ലങ്കന്‍ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍റെ പോരാട്ടം 147 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കായി പ്രമോദ് മധുഷ് നാലും, ക്യാപ്‌റ്റന്‍ വാനിന്ദു ഹസരങ്ക മൂന്നും വിക്കറ്റ് നേടി.
ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. നാലാം ഓവറില്‍ പന്തെറിയാനെത്തിയ പ്രമോദ് മധുഷ് അടുത്തടുത്ത പന്തുകളില്‍ ബാബര്‍ അസം (5), ഫഖര്‍ സമാന്‍ (0) എന്നിവരെ മടക്കി പാകിസ്ഥാന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. മൂന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത മുഹമ്മദ് റിസ്‌വാന്‍ (55) - ഇഫ്‌തിഖര്‍ അഹമ്മദ് (32) കൂട്ട്കെട്ട് പൊളിച്ച് ലങ്കയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയതും മധുഷ് ആണ്.
പാക് നിരയില്‍ പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. മുഹമ്മദ് നവാസ് (6), ഖുഷ്‌ദില്‍ ഷ (2), ആസിഫ് അലി (0), ഷദാബ് ഖാന്‍ (8) ഹാരിസ് റൗഫ് (13) എന്നിവര്‍ അതിവേഗം മടങ്ങി. മത്സരത്തില്‍ മുഹമ്മദ് ഹസ്നൈന്‍ 8 റണ്‍സുമായി പുറത്താവാതെ നിന്നു.
രജപക്‌സെ-വാനിന്ദു ഹസരങ്ക (36) സഖ്യമാണ് ഒരു ഘട്ടത്തില്‍ 58ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ കരകയറ്റിയത്. 68 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇരുവര്‍ക്കും പുറമെ ധനഞ്ജയ ഡിസില്‍വയും (28) ലങ്കന്‍ നിരയില്‍ തിളങ്ങി. ആദ്യം പന്തെറിഞ്ഞ പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.