ലഖ്‌നൗ: ഏകദിന ലോകകപ്പിൽ (cricket world cup 2023) ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ നെതർലൻഡ്‌സ് ശ്രീലങ്കയെ നേരിടും. രാവിലെ 10.30ന് ലഖ്‌നൗ ഏകന സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കരുത്തരായ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച വമ്പുമായാണ് നെതർലൻഡ്‌സ് എത്തുന്നതെങ്കിൽ ആദ്യ ജയം ലക്ഷ്യമിട്ടാണ് ശ്രീലങ്ക ഇന്നിറങ്ങുന്നത് (Sri Lanka VS Netherlands Match Preview).
മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്‌ക്ക് ഏറെ നിര്‍ണായകമായ മത്സരമാണിത്. ലോകകപ്പിലെ പ്രാഥമിക ഘട്ടം നാലാം റൗണ്ടിന്‍റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഒരു ജയം പോലും നേടാനാകാത്ത ഏക ടീം ശ്രീലങ്കയാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും അവർ തോൽവി വഴങ്ങി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ് തുടങ്ങിയ ലങ്ക, പാകിസ്ഥാൻ, ഓസ്‌ട്രേലിയ ടീമുകൾക്കും മുന്നിലും അടിയറവ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജയത്തിന്‍റെ ആത്മവിശ്വാസത്തോടെ എത്തുന്ന നെതർലൻഡ്‌സിനെതിരായ മത്സരം ശ്രീലങ്കയ്‌ക്ക് നിർണായകമാണ്. എന്നാൽ ഓപ്പണർമാർ നൽകുന്ന മികച്ച തുടക്കം മുതലെടുക്കാൻ കഴിയാത്ത മധ്യനിരയുടെ പ്രകടനം ടീമിന്‍റെ മുന്നോട്ടുള്ള കുതിപ്പിൽ ഏറെ പ്രധാനമാണ്. ഓസ്‌ട്രേലിയ്‌ക്കെതിരെ ആദ്യ വിക്കറ്റിൽ 125 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും പിന്നീടങ്ങോട്ട് ടീമിന്‍റെ കൂട്ടത്തകർച്ചയായിരുന്നു. സ്‌കോർബോർഡിൽ 85 റൺസ് ചേർക്കുന്നതിനിടെ ബാക്കി ഒമ്പത് വിക്കറ്റുകളും നഷ്‌ടമായ ശ്രീലങ്ക 209 റൺസിലേക്ക് ചുരുങ്ങുകയായിരുന്നു.
റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത ബൗളര്‍മാരും ലങ്ക നേരിടുന്ന വെല്ലുവിളിയാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 428 റണ്‍സ് വഴങ്ങിയ ലങ്കന്‍ ബൗളര്‍മാര്‍ക്ക് രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെ 345 റണ്‍സ് പ്രതിരോധിക്കാനും സാധിച്ചിരുന്നില്ല. പരിക്കേറ്റ നായകന്‍ ദസുന്‍ ഷനക പുറത്തായ സാഹചര്യത്തില്‍ കുശാല്‍ മെന്‍ഡിസിന് കീഴിലാണ് ശ്രീലങ്ക കളിക്കുന്നത്.
പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളോട് തോല്‍വി വഴങ്ങിയ നെതര്‍ലന്‍ഡ്‌സ് ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് വിജയവഴിയിൽ തിരികെയെത്തിയത്. ഓൾ റൗണ്ട് പ്രകടനത്തിലാണ് നെതർലൻഡ്‌സ് പ്രോട്ടീസിനെ അട്ടിമറിച്ചത്. മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന നായകൻ സ്കോട്ട് എഡ്വേർഡ്സിന്‍റെ പ്രകടനത്തിലാണ് ഓറഞ്ച് പടയുടെ പ്രതീക്ഷ.