കേരളം

kerala

ETV Bharat / sports

തീപാറും യോർക്കറുകൾ ഇനിയില്ല ; ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലസിത് മലിംഗ - ഐപിഎൽ

2011ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും 2019ൽ ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു

ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലസിത് മലിംഗ  മലിംഗ  Malinga  Lasith Malinga retires  ലസിത് മലിംഗ വിരമിച്ചു  യോർക്കർ കിങ്  മുംബൈ ഇന്ത്യന്‍സ്  ഐപിഎൽ  ക്രിക്കറ്റ്
തീപാറും യോർക്കറുകൾ ഇനിയില്ല; ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലസിത് മലിംഗ

By

Published : Sep 14, 2021, 9:14 PM IST

കൊളംബോ : വ്യത്യസ്‌തമായ ബൗളിങ് ആക്‌ഷൻ കൊണ്ടും തീപാറും യോർക്കറുകൾ കൊണ്ടും ബാറ്റ്സ്മാൻമാരെ ഞെട്ടിക്കാൻ ഇനി 'യോർക്കർ കിങ്' ഇല്ല. ടെസ്റ്റിനും ഏകദിനത്തിനും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്നും ലസിത് മലിംഗ വിരമിക്കൽ പ്രഖ്യാപിച്ചു.

16 വർഷം നീണ്ട അത്യുജ്ജ്വല കരിയറിനൊടുവിലാണ് 38കാരനായ താരം വിരമിക്കുന്നത്. 2011ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും 2019ൽ ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

'ഇന്ന് ഏറെ പ്രത്യേകതയുള്ള ദിവസമാണ്. എന്‍റെ കരിയറിലുടനീളം പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു. ടി20യില്‍ നിന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

ഒരുപാട് അനുഭവങ്ങള്‍ എനിക്ക് സ്വന്തമാക്കാനായി. ഭാവിയില്‍ അവ പുതിയ തലമുറയുമായി പങ്കുവയ്ക്കാനാണ് ആഗ്രഹിക്കുന്നത്', യൂട്യൂബിൽ പങ്കുവെച്ച വീഡിയോയില്‍ മലിംഗ വ്യക്തമാക്കി. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് മലിംഗ.

വ്യത്യസ്തമായ ബൗളിങ് ആക്ഷനും, കൃത്യതയാർന്ന യോർക്കറുകളും, സ്വർണ നിറത്തിലുള്ള ചുരുണ്ട തലമുടിയും താരത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. അവസാന ഓവറുകൾ മലിംഗ എറിയാൻ വരുമ്പോൾ അത് യോർക്കറുകളുടെ ഘോഷയാത്രയായി തന്നെ മാറുമായിരുന്നു.

30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 226 ഏകദിനങ്ങളിൽ നിന്ന് 338 വിക്കറ്റുകളും, 84 രാജ്യാന്തര ടി-20 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റുകളും മലിംഗ സ്വന്തമാക്കി.

ഐപിഎല്ലിന്‍റെ ആദ്യ ഘട്ടം മുതൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ കരസ്ഥമാക്കി. ഐപിഎല്ലിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയിട്ടുള്ളതും മലിംഗയാണ്.

ALSO READ:റാക്കറ്റ് അടിച്ചുടച്ച് ജോക്കോ; മാപ്പു പറഞ്ഞ് മെദ്‌വദേവ്

രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് തവണ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റെടുത്ത് ഡബിൾ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകൾ നേടിയ ഒരേയൊരു താരം, ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് ഹാട്രിക്കുകൾ കൊയ്‌ത ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഹാട്രിക്കുകൾ ഉള്ള താരം എന്നിങ്ങനെ ഒട്ടനവധി റെക്കോഡുകൾ സ്വന്തമാക്കിയാണ് ഇതിഹാസ താരത്തിന്‍റെ മടക്കം.

ABOUT THE AUTHOR

...view details