ചെസ്റ്റര്‍ :ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ വിരമിക്കല്‍ നിരാശയോടെ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, ഹോം ഗ്രൗണ്ടായ ചെസ്റ്ററില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് 62 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ഇന്ത്യയ്‌ക്കെതിരായ പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് ഫോര്‍മാറ്റില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്ന് സ്‌റ്റോക്‌സ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.
പ്രോട്ടീസിനെതിരായ ഏകദിനം തന്‍റെ അവസാനത്തേതായിരിക്കും എന്ന് താരം വ്യക്തമാക്കിയിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകൾ കളിക്കുന്നതിന്‍റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു 31കാരനായ താരം തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇതോടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് 2019ലെ ലോകകപ്പ് ഹീറോയെ ഇംഗ്ലീഷ് താരങ്ങള്‍ മൈതാനത്തേക്ക് ആനയിച്ചത്. സ്റ്റോക‌്‌സ് മൈതാനത്തെത്തിയപ്പോള്‍ കാണികളും ഡ്രസിങ് റൂമിലുണ്ടായിരുന്നവരും എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയും ചെയ്‌തു. വിടവാങ്ങല്‍ മത്സരത്തില്‍ വ്യക്തിഗതമായും താരത്തിന് തിളങ്ങാനായില്ല.
11 പന്തില്‍ വെറും അഞ്ച് റണ്‍സുമായാണ് താരം തിരിച്ച് കയറിയത്. അഞ്ചോവര്‍ എറിഞ്ഞ താരം 44 റണ്‍സ് വഴങ്ങുകയും ചെയ്‌തു. പവലിയനിലേക്ക് തിരിച്ച് നടക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ആരാധകര്‍ താരത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഈസമയം നിറഞ്ഞ കണ്ണുകളുമായാണ് താരം കാണികളെ അഭിവാദ്യം ചെയ്തത്. ഏകദിനങ്ങളില്‍ 105 മത്സരങ്ങളില്‍ നിന്ന് 2924 റണ്‍സും 74 വിക്കറ്റും സ്വന്തമാക്കാന്‍ സ്റ്റോക്‌സിന് കഴിഞ്ഞിട്ടുണ്ട്.
മത്സരത്തില്‍ ആദ്യം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പ്രോട്ടീസ് 333 റൺസാണെടുത്തത്. 117 പന്തിൽ 133 റൺസെടുത്ത വാൻഡർ ഡസ്സനും എയ്‌ഡൻ മാർക്രം (77) ജന്നെമാൻ മലാൻ (57) എന്നിവരും നിര്‍ണായകമായി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 46.5 ഓവറില്‍ 271ന് പുറത്തായി. ജോണി ബെയര്‍സ്റ്റോ(63), ജോ റൂട്ട്(86) എന്നിവരുടെ അർധ സെഞ്ച്വറി പ്രകടനത്തിന് ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. നാല് വിക്കറ്റുമായി ആന്‍റിച്ച് നോര്‍ക്യയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.