കൊളംബോ: ഏകദിന പരമ്പരക്ക് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. രാത്രി എട്ടിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ 38 റൺസിന്‍റെ വിജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ മുന്നിലാണ്. ഇതോടെ ഇന്ന് നടക്കുന്ന രണ്ടാം മത്സരം ജയിച്ച് പരമ്പര നഷ്ടപ്പെടാതിരിക്കാനാവും ലങ്കന്‍ ശ്രമം.
കഴിഞ്ഞ മത്സരത്തില്‍ നിന്നും ഇരു ടീമുകളിലും മാറ്റമുണ്ടാവാന്‍ സാധ്യതയില്ല. ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ പരാജയപ്പെട്ട പൃഥ്വി ഷായ്ക്കും, മികച്ച പ്രകടനം നടത്താനാവാതെ പോയ സഞ്ജു സാംസണിനും മത്സരം നിര്‍ണായകമാണ്. ലഭിച്ച അവസരം മുതലാക്കാനാവാത്ത താരമെന്ന വിമര്‍ശനങ്ങള്‍ക്ക് സഞ്ജുവിന് മറുപടി നല്‍കേണ്ടി വരും. അതേസമയം അന്താഷ്ട്ര ടി20യില്‍ അരങ്ങേറ്റം നടത്താന്‍ ദേവ്ദത്ത് പടിക്കലിന് ഇനിയും കാത്തിരിക്കേണ്ടി വരും. അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 126 റൺസിന് പുറത്താവുകയായിരുന്നു. 3.3 ഓവറുകളിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ഭുവനേശ്വർ കുമാറാണ് ഇന്ത്യയുടെ വിജയ ശില്‍പി. അർധശതകം നേടിയ സൂര്യകുമാർ യാദവും തിളങ്ങി. ശ്രീലങ്കയ്ക്കായി ചരിത അസരങ്ക 26 പന്തില്‍ 44 റണ്‍സുമായി മികച്ച പ്രകടനം നടത്തിയിരുന്നു.