മുംബൈ:വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ യുപി വാരിയേഴ്‌സിന്‍റെ മധ്യനിരയില്‍ സ്ഥിരക്കാരിയായ പേരാണ് സിമ്രാൻ ഷെയ്‌ഖ് എന്ന 21-കാരിയുടെത്. ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിൽ നിന്നും ഏറെ കഷ്‌ടതകള്‍ പിന്നിട്ടാണ് സിമ്രാൻ ഷെയ്‌ഖ് ക്രിക്കറ്റ് ലോകത്ത് ചുവടുറപ്പിക്കുന്നത്. കുട്ടിക്കാലത്ത്, പാർക്കിൽ ക്രിക്കറ്റ് കളിച്ചതിന് ആളുകളുടെ ശകാരം കേട്ടുവളര്‍ന്ന ബാല്യമാണ് സിമ്രാനുള്ളത്.
ഇന്ന് മൈതാനത്തിറങ്ങുമ്പോള്‍ സിമ്രാനായി കയ്യടിക്കുന്നവരില്‍ ഇക്കൂട്ടരും ഉണ്ടാവുമെന്നുറപ്പാണ്. ഇപ്പോഴിതാ ക്രിക്കറ്റിന്‍റെ ലോകത്ത് ചുവടുറപ്പിക്കും മുമ്പ് സിമ്രാന്‍ കടന്നുവന്ന കനല്‍വഴികളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരത്തിന്‍റെ പിതാവ് ജാഹിദ് അലി. ശകാരങ്ങളില്‍ തളരാതെ ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു മകളുടെ യാത്രയെന്നാണ് ജാഹിദ് പറഞ്ഞത്.
"ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റ് കളിക്കാൻ അവള്‍ക്ക് ഏറെ താത്‌പര്യമുണ്ടായിരുന്നു. പക്ഷെ ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴെല്ലാം ധാരാളം ആളുകൾ അവളെ ശകാരിക്കുകയും മറ്റ് ഒരുപാട് കാര്യങ്ങള്‍ പറയുകയും ചെയ്യുമായിരുന്നു. എന്നാൽ അത്തരത്തിലുള്ള എല്ലാ ബഹളങ്ങളെയും അവള്‍ അവഗണിക്കുകയാണ് ചെയ്‌തത്. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയായിരുന്നു അവള്‍", ജാഹിദ് അലി പറഞ്ഞു.
ക്രിക്കറ്റില്‍ ഒരു കരിയർ കെട്ടിപ്പടുക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ വനിത ക്രിക്കറ്റ് ലീഗുകളിലൊന്നിന്‍റെ ഭാഗമാണ് സിമ്രാന്‍. മകള്‍ക്ക് ഇത്രയും ഉയരത്തിൽ എത്താൻ കഴിയുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ജാഹിദ് അലി പറഞ്ഞു.
"ഇല്ല, ഞാൻ ഒരിക്കലും ഇക്കാര്യം വിചാരിച്ചിരുന്നില്ല. ഞങ്ങൾ വളരെ പാവങ്ങളാണ്. അവളുടെ ഇഷ്‌ടങ്ങളെ പിന്തുണയ്‌ക്കാനും അവളെ സഹായിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍. പക്ഷേ ദൈവാനുഗ്രഹത്താൽ അവൾക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞു.