കൊളംബോ: ഏഷ്യ കപ്പിന്‍റെ (Asia Cup 2023) സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് (India vs Pakistan) മികച്ച അടിത്തറ ഒരുക്കുന്നതില്‍ നിര്‍ണായകമായത് യുവ ഓപ്പണറായ ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) പ്രകടനമാണ്. പിച്ചിലെ ഈര്‍പ്പം പേസര്‍മാരെ വച്ച് മുതലെടുക്കാനുറച്ചായിരുന്നു ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം (Babar Azam) ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ അയച്ചത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്‌തമായി ശുഭ്‌മാന്‍ ഗില്‍ ആക്രണമകാരിയായി.
ഒരുവശത്ത് നസീം ഷാക്കെതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്തത് ഗില്ലായിരുന്നു. താരത്തിന്‍റെ ഇരയായതാവട്ടെ പാകിസ്ഥാന്‍റെ ഏറ്റവും അപകടകാരിയായ പേസ് ബോളറായ ഷഹീന്‍ ഷാ അഫ്രീദിയും (Shubman Gill vs Shaheen Shah Afridi). രോഹിത് ശര്‍മ നേരിട്ട ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങിയ ഷഹീന്‍ തന്‍റെ രണ്ടാം ഓവര്‍ എറിയാനെത്തുമ്പോള്‍ ഗില്ലായിരുന്നു സ്‌ട്രൈക്കിലുണ്ടായത്.
മൂന്ന് തവണയാണ് ഈ ഓവറില്‍ ഗില്‍ ഷഹീനെ അതിര്‍ത്തി കടത്തിയത്. തന്‍റെ മൂന്നാം ഓവര്‍ എറിയാനെത്തിയപ്പോളും മൂന്ന് ബൗണ്ടറികളുമായി ഷഹീനെ ഗില്‍ ആക്രമിച്ചു. തന്‍റെ മൂന്നോവറില്‍ തന്നെ 31 റണ്‍സായിരുന്നു ഷഹീന്‍ ഷാ അഫ്രീദി വഴങ്ങിയത്.
ഇതോടെ മറ്റ് താരങ്ങളെ പാക് ക്യാപ്റ്റന് പന്തേല്‍പ്പിക്കേണ്ടി വന്നു. ഒടുവില്‍ രോഹിത്തിന്‍റെ പുറത്താവലിന് ശേഷം വിരാട് കോലി ക്രീസിലെത്തിയതോടെ 18-ാം ഓവറിലാണ് ഷഹീനെ തിരികെ എത്തിക്കുന്നത്. ഓവറില്‍ അഞ്ചാം പന്തില്‍ അഗ സല്‍മാന് ക്യാച്ച് നല്‍കി ശുഭ്‌മാന്‍ ഗില്‍ മടങ്ങുമ്പോളേക്കും ഇന്ത്യ ട്രാക്കിലായിരുന്നു.