അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ആരാധകര്‍ ആവേശത്തോടയാണ് ഇന്ത്യ- പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തിനായി കാത്തിരിക്കുന്നത്. നാളെ (ഒക്‌ടോബര്‍ 14) അഹമ്മദാബാദിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും പോരടിക്കുന്ന മത്സരം. ഈ മത്സരത്തിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത് ഇന്ത്യന്‍ ടീമിലേക്കുള്ള ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) മടങ്ങി വരവാണ്.
ഡെങ്കിപ്പനി ബാധിച്ച ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ നേരിടുന്നതിന് മുന്‍പായിരുന്നു ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മത്സരത്തിനായി ചെന്നൈയില്‍ എത്തിയത് മുതല്‍ താരത്തിന് പനിയും മറ്റ് ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ മത്സരശേഷം പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് താരത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഗില്‍ ഇല്ലാതെയായിരുന്നു ഇന്ത്യന്‍ ടീം ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്നും അഹമ്മദാബാദിലേക്കും യാത്ര ചെയ്‌തത്.
അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം അഹമ്മദാബാദിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ഇക്കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു (ഒക്‌ടോബര്‍ 11) ഗില്ലും ചേര്‍ന്നത്. ടീമിനൊപ്പം ചേര്‍ന്നതിന്‍റെ അടുത്ത ദിവസം താരം പരിശീലനത്തിന് ഇറങ്ങിയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളം നേരം നെറ്റ്‌സില്‍ താരം ത്രോ ഡൗണുകള്‍ എടുത്തിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.