മുംബൈ : ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലിന് പനിപിടിച്ചുവെന്ന റിപ്പോര്‍ട്ട് ആരാധകര്‍ക്ക് കനത്ത നിരാശയാണ് നല്‍കുന്നത്. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങാന്‍ രണ്ട് നാള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഗില്ലിന് പനിബാധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ശുഭ്‌മാൻ ഗില്ലിന് ഡെങ്കിപ്പനിയാണെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇതുസംബന്ധിച്ച് ബിസിസിഐ (BCCI) ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ഒക്‌ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെയാണ് ഇന്ത്യ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ചെന്നൈയില്‍ 25-കാരന് കളിക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം പുറത്തുവിട്ടിരിക്കുകയാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ (Shubman Gill health Updates).
മെഡിക്കല്‍ ടീമിന്‍റെ നിര്‍ദേശപ്രകാരമാവും താരത്തെ കളത്തിലിറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചിരിക്കുന്നത്. "ശുഭ്‌മാന്‍ ഗില്ലിനെ മെഡിക്കൽ ടീം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവന്‍ ഉടൻ തന്നെ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി അവന്‍ എപ്പോള്‍ ഇറങ്ങുമെന്ന കാര്യത്തില്‍ മെഡിക്കൽ ടീമിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. ചെന്നൈയിൽ എത്തിയത് മുതല്‍ ശുഭ്‌മാന്‍ ഗില്ലിന് കടുത്ത പനി ഉണ്ടായിരുന്നു. ഗില്ലിന്‍റെ പരിശോധനകൾ നടക്കുന്നുണ്ട്.