കേരളം

kerala

ETV Bharat / sports

'എന്‍റെ മനസില്‍ അങ്ങനെയൊരു ചിന്തയുണ്ടായിരുന്നില്ല' ; ഇരട്ട സെഞ്ച്വറിയെ കുറിച്ച് ശുഭ്‌മാന്‍ ഗില്‍

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ 149 പന്ത് നേരിട്ട ശുഭ്‌മാന്‍ ഗില്‍ 19 ഫോറുകളുടെയും 9 സിക്‌സറുകളുടെയും അകമ്പടിയോടെ 208 റണ്‍സാണ് നേടിയത്

By

Published : Jan 19, 2023, 2:25 PM IST

shubman gill  gill double century  shubman gill ODI 200  ശുഭ്‌മാന്‍ ഗില്‍  ശുഭ്‌മാന്‍ ഗില്‍ ഇരട്ട സെഞ്ച്വറി  ഇരട്ട സെഞ്ച്വറി  ഇന്ത്യ ന്യൂസിലന്‍ഡ്  ഇരട്ട സെഞ്ച്വറിയെ കുറിച്ച് ശുഭ്‌മാന്‍ ഗില്‍
GILL

ഹൈദരാബാദ് : ഏകദിന ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ തന്‍റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ശുഭ്‌മാന്‍ ഗില്‍. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ താരം സെഞ്ച്വറിയടിച്ചിരുന്നു. തുടര്‍ന്ന് കിവീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ നൂറും കടന്ന് ഇരുന്നൂറ് റണ്‍സാണ് ഗില്‍ ഒറ്റയ്‌ക്ക് അടിച്ചെടുത്തത്.

ഹൈദരാബാദില്‍ 149 പന്ത് നേരിട്ട ഗില്‍ 208 റണ്‍സ് അടിച്ചുകൂട്ടി. 19 ഫോറുകളും 9 സിക്‌സുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏഴാമത്തെ ഇരട്ട സെഞ്ച്വറിയായിരുന്നു ഇന്നലെ പിറന്നത്.

എന്നാല്‍ മത്സരത്തില്‍ ഇരട്ടസെഞ്ച്വറി നേടുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ലെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു. "ഇരട്ട സെഞ്ച്വറി നേടുന്നതിനെ കുറിച്ച് യഥാര്‍ഥത്തില്‍ ഞാന്‍ ചിന്തിച്ചിരുന്നത് പോലുമില്ല. 47ാം ഓവറില്‍ സിക്‌സറുകള്‍ നേടിയപ്പോഴാണ് എനിക്ക് അത് കഴിയുമെന്നുള്ള തോന്നലുണ്ടായത്.

ആ സമയത്തിന് മുന്‍പ് വരെ എന്നിലേക്ക് വന്നിരുന്ന പന്തുകളില്‍ നിന്ന് മാത്രമാണ് ഞാന്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചത്. ഫ്രീയായി കളിക്കുക എന്നത് മാത്രമായിരുന്നു എന്‍റെ ലക്ഷ്യം. പക്ഷേ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും എന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ഞാന്‍ കളിച്ചു.

ചില സമയങ്ങളില്‍ ബോളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. സമ്മര്‍ദം ഉണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. അതുകൊണ്ട് തന്നെ ഡോട്ട് ബോളുകള്‍ പരമാവധി ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചു. മനോഹരമായി തന്നെ ഒരു ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്"- ഗില്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷന്‍ നേടിയ ഡബിള്‍ സെഞ്ച്വറിയെ കുറിച്ചും ഗില്‍ സംസാരിച്ചു. ''ടീമില്‍ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഇഷാന്‍ കിഷന്‍. അവന്‍ അന്ന് ഇരട്ട സെഞ്ച്വറിയടിച്ചപ്പോള്‍ ഞാന്‍ ടീമിലുണ്ടായിരുന്നു. വളരെ പ്രത്യേകതയുണ്ടായിരുന്ന ഒരു ഇന്നിങ്‌സ് ആയിരുന്നു അത്.

Also Read:അവിശ്വസനീയം, ഗംഭീരം ; ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ഗില്ലിന് അഭിനന്ദന പ്രവാഹം

ടീമിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന സമയത്ത് തന്നെ അത് കൃത്യമായി നടപ്പാക്കാന്‍ കഴിയുന്നതിലും ഏറെ സന്തോഷമുണ്ട്. ഈ പ്രകടനത്തില്‍ ഞാന്‍ തൃപ്‌തനാണ്. ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാളും ആവേശകരമായാണ് മത്സരം അവസാനിച്ചത് - ഗില്‍ കൂട്ടിച്ചേര്‍ത്തു.

കിവീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 12 റണ്‍സിന്‍റെ ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. റായ്‌പൂരില്‍ 21 നാണ് അടുത്ത മത്സരം.

ABOUT THE AUTHOR

...view details