കൊല്‍ക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി മുൻ നായകൻ ശ്രേയസ് അയ്യർ തിരിച്ചെത്തും. കെകെആർ മാനേജ്‌മെന്‍റാണ് നായകനായി ശ്രേയസ് അയ്യർ തിരിച്ചെത്തുന്ന കാര്യം സ്ഥിരീകരിച്ചത്. നടുവേദനയെ തുടർന്നാണ് 2023 സീസണിന് ഇടയിലാണ് ശ്രേയസ് അയ്യർ നായകസ്ഥാനം ഒഴിയുകയും ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്‌തത്.
29 കാരനായ ശ്രേയസ് അയ്യർ തിരിച്ചെത്തുന്നതോടെ 2024 ലെ ഐപിഎൽ സീസണില്‍ കെകെആറിന്‍റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായിരുന്ന നിതീഷ് റാണ വൈസ് ക്യാപ്റ്റനാകും. റാണയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ, ഐപിഎൽ 2023 ൽ ആറ് വിജയങ്ങളും എട്ട് തോൽവികളുമായി നൈറ്റ് റൈഡേഴ്സ് ഏഴാം സ്ഥാനം നിലനിർത്തുകയായിരുന്നു.
ഐപിഎൽ 2022-ന് മുന്നോടിയായി 12.25 കോടി രൂപയ്ക്ക് (ഏകദേശം 1.5 മില്യൺ ഡോളർ) ആണ് അയ്യരെ കെകെആർ സ്വന്തമാക്കിയത്. ആറ് വിജയങ്ങളും എട്ട് തോൽവികളുമായി ആ സീസണിൽ കെകെആറിനെ ഏഴാം സ്ഥാനത്തേക്ക് നയിക്കാൻ ശ്രേയസ് അയ്യർക്ക് കഴിഞ്ഞിരുന്നു. 2023 ഏപ്രിലിൽ നട്ടെല്ലിന് പരിക്കേറ്റ അദ്ദേഹം ഐപിഎല്ലിൽ നിന്നും ശേഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും ഒഴിവായിരുന്നു.
ചന്ദ്രകാന്ത് പണ്ഡിറ്റ് പരിശീലകനായും ഗൗതം ഗംഭീർ ടീം മെന്‍ററായുമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ ഐപിഎല്‍ കിരീടം നേടാനുള്ള ശ്രമത്തിലാണ്. 2012ലും 2014ലും ഗംഭീറിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് കെകെആർ തങ്ങളുടെ രണ്ട് ഐപിഎൽ കിരീടങ്ങൾ നേടിയത്. ഗംഭീറിനൊപ്പം ഡൽഹി ഡെയർഡെവിൾസില്‍ കളിച്ചിട്ടുള്ള ശ്രേയസിന് ഇത് പുതിയ തുടക്കമാണ്.
പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ശ്രേയസ് ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കായി നടത്തിയത്. ഡിസംബർ 19 ന് നടക്കുന്ന ഐപിഎൽ താരലേലത്തിന് മുന്നോടിയായി ലോക്കി ഫെർഗൂസൺ, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ് എന്നിവരുൾപ്പെടെ 12 കളിക്കാരെ കെകെആർ വിട്ടയച്ചിരുന്നു.