മുംബൈ:ഇന്ത്യയുടെ ഏകദിന ടീമിന്‍റെ ഓപ്പണറെന്ന നിലയില്‍ ശുഭ്‌മാന്‍ ഗില്‍ എത്തിയതോടെയാണ് വെറ്ററന്‍ താരം ശിഖര്‍ ധവാന് സ്ഥാനം നഷ്‌ടമായത്. ധവാന്‍ മോശം പ്രകടനം നടത്തുമ്പോള്‍ തിളക്കമാര്‍ന്ന പ്രകടനത്തോടെയാണ് ഗില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചത്. സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് ധവാന് ഇനിയൊരു മടങ്ങിവരവുണ്ടോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ നിന്നുമുള്ള തന്‍റെ പുറത്താവലില്‍ പ്രതികരിച്ചിരിക്കുകയാണ് ശിഖര്‍ ധവാന്‍. താനാണ് ഇന്ത്യന്‍ ടീമിന്‍റെ സെലക്‌ടറെങ്കില്‍ ഓപ്പണറായി ശുഭ്‌മാന്‍ ഗില്ലിനെ തന്നെയാവും തെരഞ്ഞെടുക്കുക എന്നാണ് ധവാന്‍ പറയുന്നത്. ഏകദിനത്തിന് പുറമെ ടെസ്റ്റിലും ടി20യിലും ഗിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. തന്നേക്കാൾ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ 23കാരനായ ഗില്ലിന് കഴിയുമെന്നും ധവാന്‍ പറഞ്ഞു.
'ഞാൻ ഇന്ത്യന്‍ ടീമിന്‍റെ സെലക്‌ടറായിരുന്നെങ്കിൽ തീർച്ചയായും ശുഭ്‌മാന് അവസരം നൽകുമായിരുന്നു. ശിഖറിന് പകരം ശുഭ്‌മാനെ തെരഞ്ഞെടുക്കുമായിരുന്നു. ഏകദിന-ടി20 ക്രിക്കറ്റിലും ടെസ്റ്റിലും നിലവില്‍ മികച്ച ഫോമിലാണ് ശുഭ്‌മാന്‍ ഗില്‍ കളിക്കുന്നത്. എന്നേക്കാള്‍ കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിക്കാന്‍ അവന് കഴിയുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്', 37കാരനായ ശിഖര്‍ ധവാന്‍ പറഞ്ഞു.
തന്നെ പിന്തുണച്ച ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകന്‍ രാഹുൽ ദ്രാവിഡും 2023 ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചതായും ധവാൻ വെളിപ്പെടുത്തി. ഫോമിലെ ഇടിവും ഗില്ലിന്‍റെ സ്ഥിരതയുമാണ് തന്നെ ടീമിൽ നിന്നു പുറത്താക്കിയതെന്നും വെറ്ററൻ ഓപ്പണർ കൂട്ടിച്ചേർത്തു.
ALSO READ:IPL 2023: പന്തില്ലാതെ പടയ്‌ക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്; ലക്ഷ്യം കന്നി കിരീടം